കോവിഡ് 58 പേർക്ക്; ഖത്തറിൽ ഉയരുന്ന ആശങ്ക

ഖത്തറിൽ ആശങ്കയുയർത്തി അൻപത്തിയെട്ടു പ്രവാസികൾക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഖത്തറിൽ വൈറസ് ബാധിതരുടെ എണ്ണം മുന്നൂറ്റിഇരുപതായി. അതേസമയം, ബഹ്‌‌റൈനിൽ മലയാളികൾ അടക്കമുള്ള തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാം‌പ്  ക്വാറൻ‌റീൻ ചെയ്തു

ഖത്തറിൽ  രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും പ്രവാസികളാണെന്നു പൊതുജനാരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ച ഇരുന്നൂറ്റിമുപ്പതോളം പ്രവാസികളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഇവരിൽ നടത്തിയ ആരോഗ്യപരിശോധനയിലാണ് വീണ്ടും വൈറസ് സ്ഥിരീകരണം. എന്നാൽ, ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.ഏതൊക്കെ രാജ്യക്കാർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നു മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. ഇവരുമായി അടുത്തിടപെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. അതേസമയം, മനാമയിൽ  കോവിഡ്19 സ്ഥിരീകരിക്കപ്പെട്ട വ്യക്തിയുമായി ഇടപഴകിയ ആൾ തൊഴിലാളി ക്യാംപിലുണ്ടെന്നു കണ്ടത്തിയതിനെത്തുടർന്നു ക്യാംപ് ക്വാറൻറീൻ ചെയ്തു. 14 ദിവസത്തേക്കാണ് ക്വാറൻറീൻ ചെയ്തതെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 210 പേർക്കാണ് ബഹ്റൈനിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 44 പേർ രോഗമുക്തി നേടി. ബഹ്‌റൈനിൽ ഇരുപത്തിരണ്ടിനു തുടങ്ങാനിരുന്ന ഫോർമുല 1 ഗ്രാൻഡ് പ്രി മാറ്റിവച്ചു.  സൌദിയിൽ ഇരുപത്തിനാലുപേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 86 പേരാണ് ആകെ രോഗബാധിതർ. ഒമാനിൽ ഒരാൾക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെയെണ്ണം ഇരുപതായി. യുഎഇയിൽ കോവിഡ് 19 സ്ഥിരീകരിച്ച 86 പേരിൽ 20 പേർ രോഗമുക്തി നേടി. മുതിർന്ന സ്വദേശികളും പ്രവാസികളും വീടുകളിൽ തന്നെ കഴിയണമെന്നും പൊതുസ്ഥലങ്ങളിലേക്കു പോകരുതെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു.