വ്യായാമത്തിൻറെ പ്രധാന്യം; ബോധവൽക്കരണവുമായി ദുബായിൽ മിനി മാരത്തൺ

ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണവുമായി കേരളത്തിലെ പൂർവവിദ്യാർഥികളുടെ നേതൃത്വത്തിൽ ദുബായിൽ മിനി മാരത്തൺ സംഘടിപ്പിച്ചു. പൂർവവിദ്യാർഥികളുടെ യുഎഇയിലെ ഔദ്യോഗിക സംഘടനയായ അക്കാഫ് നടത്തിയ മിനി മാരത്തണിൽ മൂവായിരത്തിലധികം പേർ പങ്കെടുത്തു. 

ആരോഗ്യ പരിപാലനത്തിന് വ്യായാമത്തിൻറെ പ്രധാന്യത്തെക്കുറിച്ച് ബോധവൽക്കരണം ലക്ഷ്യമിട്ടാണ് കേരളത്തിലെ കോളജുകളിലെ പൂർവവിദ്യാർഥികളുടെ, യുഎഇയിലെ ഔദ്യോഗിക സംഘടനയായ അക്കാഫ് വൊളൻറിയർ ഗ്രൂപ്പ്, ദ് ഗ്രേറ്റ് ഇന്ത്യൻ റൺ എന്ന പേരിൽ മിനി മാരത്തൺ സംഘടിപ്പിച്ചത്.  ദുബായ് മംസാർ പാർക്കിൽ രാവിലെ എഴരയ്ക്കു തുടങ്ങിയ മിനി മാരത്തൺ ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ ഫ്ലാഗ് ഓഫ് ചെയ്തു.

ഇന്ത്യ ക്ലബ് ചെയർമാനും മാരത്തൺ ഗ്രാൻഡ് അംബാസിഡറുമായ സിദ്ധാർഥ് ബാലചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.  കേരളത്തിലെ വിവിധ കോളേജുകളിലെ പൂർവവിദ്യാർഥികൾക്കൊപ്പം യുഎഇയിലെ സംഘടനാപ്രതിനിധികളും മിനി മാരത്തണിൽ അണിനിരന്നു. 

ദുബായ് പൊലീസ് ഡോഗ് സ്കോഡിൻറെ പ്രത്യേക ബോധവൽക്കരണ പരിപാടിയും ഒരുക്കിയിരുന്നു. മിനി മാരത്തണിനു ശേഷം കലാപരിപാടികളും സംഘടിപ്പിച്ചു.