തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് വേണ്ട, പിസിആർ ഒഴിവാക്കുന്നു; ഇളവുകളുമായി യുഎഇ

യുഎഇയിലെ തുറസ്സായ സ്ഥലങ്ങളിൽ മാസ്ക്​ ധരിക്കേണ്ടതില്ലെന്നു ദേശീയ ദുരന്തനിവാരണ സമിതി. എന്നാൽ അടച്ചിട്ട ഇടങ്ങളിൽ 

മാസ്ക്​ ധരിക്കുന്നത് തുടരണമെന്നും സമിതി വ്യക്തമാക്കി. അതേസമയം, വിദേശരാജ്യങ്ങളിൽ നിന്നും യുഎഇയിലേക്ക്​ വരുന്ന വാക്സീനെടുത്ത യാത്രക്കാർക്ക്​ പിസിആർ പരിശോധന ആവശ്യമില്ലെന്നും സമിതി അറിയിച്ചു.

യുഎഇയില്‍ കോവിഡ്  വ്യാപന നിരക്ക് കുറയുകയും വാക്സിനേഷൻ നിരക്ക് ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ്  നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്നത്. തുറസായ പൊതു ഇടങ്ങളിൽ മാസ്ക് ഒഴിവാക്കാം എന്നതാണ് പ്രധാനതീരുമാനം. 

കോവിഡ്​ ബാധിതരുമായി അടുത്ത ബന്ധം പുലർത്തുന്നവർക്ക്​ ക്വാറന്‍റീൻ നിർബന്ധമല്ല. പകരം അഞ്ചു ദിവസത്തിനിടെ രണ്ടു തവണ പി.സി.ആർ പരിശോധന നടത്തണം. കോവിഡ് ബാധിതർ പത്തു ദിവസം ക്വാറന്‍റീനിൽ കഴിയണം. സാമ്പത്തിക, വിനോദസഞ്ചാര മേഖലകളിൽ സാമൂഹിക അകലം നിർബന്ധമല്ലെന്നും  

ദേശീയ ദുരന്തനിവാരണ സമിതി വ്യക്തമാക്കി. ഏല്ലാ കായിക പരിപാടികളും പൂർവസ്ഥിതിയിൽ പുനരാരംഭിക്കും. അതേസമയം, യുഎഇയിലേക്ക് വരുന്ന വാക്സീൻ എടുത്ത  യാത്രക്കാർക്ക് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്നും  സമിതി അറിയിച്ചു. റാപിഡ്​ ടെസ്റ്റ് ഒഴിവാക്കിയതിന്​ പിന്നാലെയാണ്​ പിസിആറും ഒഴിവാക്കുന്നത്​. വിമാനത്താവളങ്ങളിൽ അംഗീകൃത വാക്സിനേഷന്‍ സർട്ടിഫിക്കറ്റ്​ ഹാജരാക്കിയാൽ മതിയാകും  സർട്ടിഫിക്കറ്റിൽ ക്യൂ ആർ കോഡ്​ നിർബന്ധമാണ്. വാക്സിനെടുക്കാത്തവർ 48 മണിക്കൂറിനുള്ളിലെടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്  ഹാജരാക്കണം.