ഇസ്രയേലുമായി സമഗ്രസാമ്പത്തിക സഹകരണകരാറിൽ ഒപ്പുവച്ച് യുഎഇ

ഇന്ത്യയ്ക്കു പിന്നാലെ ഇസ്രയേലുമായും സമഗ്രസാമ്പത്തിക സഹകരണകരാറിൽ ഒപ്പുവച്ച് യുഎഇ. ആദ്യമായാണ് ഒരു അറബ് രാഷ്ട്രവുമായി ഇസ്രയേൽ ഇത്തരമൊരു കരാറിൽ കൈകോർക്കുന്നത്. ഡിജിറ്റൽ വ്യാപാരമടക്കം മേഖലകളിൽ 96 ശതമാനം ഉൽപ്പന്നങ്ങളുടേയും കസ്റ്റംസ് തീരുവ ഒഴിവാക്കുമെന്നാണ് പ്രഖ്യാപനം.

യുഎഇ, ഇസ്രയേൽ നയതന്ത്രബന്ധം നിലവിൽ വന്നു രണ്ടുവർഷം തികയും മുൻപാണ് വ്യാപാര,വ്യവസായമേഖലയിൽ സഹകരണം ശക്തമാക്കി  സമഗ്രസാമ്പത്തിക സഹകരണകരാർ യാഥാർഥ്യമാകുന്നത്. സ്വതന്ത്രവ്യാപാരം ഉറപ്പാക്കുന്നതിനൊപ്പം ഊർജം, പരിസ്ഥിതി, ഡിജിറ്റൽ വ്യാപാരം എന്നീ പ്രധാനമേഖലകളിൽ 96 ശതമാനം ഉൽപ്പന്നങ്ങളുടേയും കസ്റ്റംസ് തീരുവ ഒഴിവാക്കും. അഞ്ചുവർഷത്തിനകം ഇരുരാജ്യങ്ങളും തമ്മിലുള്ള എണ്ണയിതര വ്യാപാരം 10 ബില്യൺ ഡോളറായി ഉയർത്തുന്നതിനു കരാർ സഹായകരമാകുമെന്നു യുഎഇ വിദേശവ്യാപാരസഹമന്ത്രി താനി ബിൻ അഹമ്മദ് അൽ സയൂദി പറഞ്ഞു. 

ഇസ്രയേൽ സാമ്പത്തിക,വ്യവസായ മന്ത്രി ഒർന ബാർബിവായിയും യുഎഇ സാമ്പത്തികമന്ത്രി അബ്ദുല്ല ബിൻ തൌഖ് അൽ മാറിയുമാണ് കരാറിൽ ഒപ്പുവച്ചത്. ഭക്ഷണം, മരുന്ന്, വജ്രം, ആഭരണങ്ങൾ, വളങ്ങൾ, മറ്റ് രാസവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള സാധനങ്ങളുടെ തീരുവ കുറയും. സാമ്പത്തിക സേവനമേഖല, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ്, നിർമാണം, ചെറുകിട, ഇടത്തരം സംരംഭങ്ങൾ എന്നീ രംഗങ്ങളിലെല്ലാം ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം ശക്തമാകുമെന്നാണ് വിലയിരുത്തൽ. 2020 സെപ്റ്റംബറിലാണ് യുഎഇയും ഇസ്രയേലും നയതന്ത്ര ബന്ധം സ്ഥാപിച്ചത്.