റമസാനിൽ ഭക്ഷണമെത്തിക്കാന്‍ യുഎഇ; പദ്ധതി 100 കോടിയാളുകളിലേക്ക്

റമസാൻ മാസത്തിൽ 100 കോടിപേർക്കു ഭക്ഷണമെത്തിക്കാനുള്ള പദ്ധയിയുമായി യുഎഇ. വിവിധരാജ്യങ്ങളിലെ പാവപ്പെട്ടവർക്കു ഭക്ഷണമെത്തിക്കാനുള്ള ക്യാപെയ്നു യുഎഇ തുടക്കമിട്ടു. <<യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമാണ് ട്വിറ്ററിലൂടെ പദ്ധതി പ്രഖ്യാപിച്ചത്.

കോവിഡ് കാലത്ത് ഒരുകോടിയോളംപേർക്കും കഴിഞ്ഞവർഷത്തെ റമസാനിൽ 10കോടിയാളുകൾക്കും ഭക്ഷണമെത്തിക്കാനുള്ള പദ്ധതി വിജയകരമായി പൂർത്തിയാക്കിയതിനു പിന്നാലെയാണ് ഈവർഷത്തെ റമസാൻ മാസത്തിലേക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ചത്. റമസാനിൽ ലോകമെമ്പാടുമുള്ള നൂറുകോടി പേർക്കു ഭക്ഷണമെത്തിക്കാനുള്ള പദ്ധതി തുടങ്ങുമെന്നും ലക്ഷ്യം കൈവരിക്കും വരെ തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് വ്യക്തമാക്കി. ലോകമെമ്പാടും 800 ദശലക്ഷം ആളുകൾ പട്ടിണി അനുഭവിക്കുന്നു. വിശക്കുന്നവർക്ക് അന്നം നൽകുകയാണ് ഏറ്റവും വലിയ പുണ്യമെന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. ആഫ്രിക്കയിലേയും ഏഷ്യയിലേയുമടക്കം വിവിധരാജ്യക്കാരായവർക്കു നേരിട്ട് ഭക്ഷണപ്പൊതികളെത്തിക്കുന്നതാണ് പദ്ധതി. യുഎഇ റെഡ് ക്രെസൻറ്, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ് തുടങ്ങിയ ജീവകാരുണ്യസംഘടനകളാണ് പദ്ധതി നടപ്പാക്കുന്നത്. കോവിഡ് കാലത്തും കഴിഞ്ഞറമസാനും നടത്തിയ പദ്ധതിയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള കമ്പനികളും വ്യക്തികളും സഹകരിച്ചിരുന്നു. ഓൺലൈൻ വഴി പദ്ധതിയിലേക്ക് സംഭാവന നൽകാൻ പൊതുജനങ്ങൾക്കും അവസരമൊരുക്കിയിരുന്നു.