12 തേളുകളെ ഹുമൈദ് എന്റെ കട്ടിനരികിൽ കരുതി; മരുഭൂജീവിതം പറഞ്ഞ് ഷെയ്ഖ് മുഹമ്മദ്

അപൂർണമായ ജീവിതകഥയെന്നാണ്  യുഎഇ  വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ജീവിതകഥയായ ഖിസ്സതി (എന്റെ കഥ)യെ വിശേഷിപ്പിക്കുന്നത്. ഖിസ്സതിയിലെ 50 അധ്യായങ്ങൾ ഒരു ദേശത്തിന്റെ കഥ കൂടിയാണ്. ചെറുപ്പക്കാലത്ത് മരുഭൂമിയിൽ കഴിഞ്ഞ ദിവസങ്ങൾ ഓർത്തെടുക്കുകയാണ് അദ്ദേഹം.

ഹുമൈദ് ബിൻ അംഹി എന്ന യോഗിയുടെ അടുത്ത വേട്ട പഠിപ്പിക്കാൻ ഉപ്പ കൊണ്ടു പോകുമ്പോൾ ഏഴോ എട്ടോ വയസു മാത്രമായിരുന്നു ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പ്രായം. സാധാരണ അറബ് ബദുക്കളെപ്പോലെ വെള്ളത്തിനരികിൽ താമസം ഉറപ്പാക്കുന്ന പതിവ് ഹുമൈദിനുണ്ടായിരുന്നില്ല. മരുഭൂമിയിൽ വളരെ ദൂരത്തായിരുന്നു അദ്ദേഹം കുടുംബമൊത്ത് കഴിഞ്ഞിരുന്നത്. ഭാര്യ, ഒട്ടകം, പ്രാപ്പിടിയൻ, വേട്ടനായ, കൂടാരസാമഗ്രികൾ എന്നിവയുമായാണ് ഹുമൈദിന്റെ മരുവാസം. അദ്ദേഹത്തിന്റെ പത്നി കരുത്തുള്ള ഒരു അസാധാരണ വനിതയായിരുന്നു. വിറക് ചുമന്നുകൊണ്ടുവരിക, ഒട്ടകത്തെ കറയ്ക്കുക, ആടിനെ അറുത്ത് ഭക്ഷണം പാകം ചെയ്യുക തുടങ്ങിയവയെല്ലാം അവർ പരസഹായം കൂടാതെ അവർ ചെയ്തിരുന്നു.

വേട്ടനായ്, പ്രാപ്പിടിയൻ എന്നിവയെ കൊണ്ടു വേട്ടയാടാനുമുള്ള വൈദഗ്ധ്യവും അവർക്കുണ്ടായിരുന്നു. നായാട്ടൊഴിഞ്ഞ നേരങ്ങളിൽ ചാരത്തിലും കരിയിലും വച്ചു പാചകം ചെയ്തു നൽകിയിരുന്ന അവരുടെ വിഭവങ്ങൾ രുചികരമായിരുന്നു. റൊട്ടി, വെണ്ണ, തേൻ എന്നിവയും വിഭവങ്ങളിൽ ഉണ്ടായിരുന്നു.ഇവയോടൊപ്പം ഒട്ടകപ്പാലും ഞങ്ങൾ കുടിച്ചു. മരുത്തണുപ്പിലെ ആ ഭക്ഷണം ആഡംബരമായിരുന്നു. ദിവസങ്ങളോളം ഉപ്പ എന്നെ ഹുമൈദിനോടൊപ്പം കഴിയാൻ വിടും. വേട്ടമൃഗങ്ങളുമായുള്ള നായാട്ട് അദ്ദേഹത്തിൽ നിന്നും ഞാൻ പരിശീലിച്ചു. ജീവികളുടെ ചലനം, സ്വഭാവം, ഒളിഞ്ഞിരിക്കാനുള്ള അവയുടെ ജൈവസിദ്ധി, വന്യമൃഗങ്ങളെ കീഴ്പ്പെടുത്തൽ, ദുർബല ജീവികളെ അവ പിടികൂടുന്നത് എന്നിവയെല്ലാം മനസ്സിലാക്കാനായി. ഒരു മുയലിനെ പിടിക്കാൻ പോലും അതിന്റെ ഗമന നിർഗമന നിമിഷങ്ങൾ നിരീക്ഷിക്കണം. പകലിന്റെ രണ്ടറ്റങ്ങളിലാണ് മുയലുകൾ മാളങ്ങളിലേക്ക് മടങ്ങുക. വേനലിൽ അവ ആഴമുള്ള കുഴികളുണ്ടാക്കും, ശൈത്യം വേട്ടക്കാലമാണ്.

അക്കാലത്ത് മുയലുകൾ മണൽ മധ്യത്തിലും മരച്ചുവട്ടിലും മറഞ്ഞിരിക്കും. വീടുകളിലേക്ക് തിരിച്ചു പോകുന്ന സമയമാണ് മുയൽ പിടിത്തത്തിനു പറ്റിയ വേള. ഉറങ്ങുന്ന സ്ഥലത്തേക്ക് അസാധ്യമായവിധം ചാടിയെത്താനുള്ള ശേഷി മുയലുകൾക്കുണ്ട്. ശത്രുക്കൾക്ക് ഒരു അടയാളം പോലും ബാക്കി വയ്ക്കാതെ അവയ്ക്ക് അതിനു സാധിക്കും. പരുത്തിക്കഷണം പതിഞ്ഞ പോലെ നേർത്തതായിരിക്കും മുയലിന്റെ മണലിൽ പതിഞ്ഞ പാദങ്ങൾ. മണലിന്റെയും മരുഭൂമിയുടെയും ഗതിവിഗതികൾ സൂക്ഷ്മമായി അറിയുന്ന ഒരു വിദഗ്ധനല്ലാതെ അത്തരം അടയാളങ്ങൾ തിരിച്ചറിയാനാവില്ല. ഹുമൈദിൽ നിന്നു വേട്ടയുമായി ബന്ധപ്പെട്ട ധാരാളം കാര്യങ്ങൾ വിശദമായി ഗ്രഹിച്ചു. വേട്ട നായയുടെ സവിശേഷതകൾ മനസ്സിലാക്കി. കലമാനിനെ വേട്ടയാടി പിടിക്കാൻ നായയെ പരിശീലിപ്പിച്ചാൽ സാധ്യമാകും. അതേ പ്രകാരം വീട്ടിൽ വളർത്തുന്ന കലമാനിനെ പരിപാലിക്കാനും ഈ വേട്ടനായ്ക്കാകും.

മാനിനെയും ഇതുപോലെ പരിശീലിപ്പിച്ച് ആടുകളോടും വളർത്തുനായ്ക്കളോടും ഇണങ്ങി ജീവിക്കാനും വീട്ടുമൃഗങ്ങളെ പരിചരിക്കാൻ പ്രാപ്തമാക്കാനും പ്രയാസമില്ല. അറബ് ബദു ഒരു പ്രാപ്പാടിയനെ പിടിച്ചുയർത്തുന്നത് എന്തിനാണെന്ന് മിക്കയാളുകൾക്കും അറിയില്ല. പ്രാപ്പിടിയന് അൽപം ഉയർന്നു നിന്നാൽ മാത്രമാണ് അപകടം അറിയാനുള്ള ത്വര പ്രയോജനപ്പെടുക. പരുന്താണ് പ്രാപ്പിടിയന്റെ ശത്രു. എപ്പോഴും ഉയർന്നു നിന്നു ശത്രുവിനെ കീഴ്പ്പെടുത്താനാണ് ഫാൽക്കൺ ജാഗ്രത. പഠനവും നായാട്ടും കൊണ്ട് നിറഞ്ഞ ദിനങ്ങളിൽ അത്താഴത്തിനും മടുപ്പില്ലാത്ത വർത്തമാനത്തിനുമായി ഞങ്ങൾ ഒരു തീയ്ക്ക് ചുറ്റും വട്ടമിട്ടിരിക്കും. ആ കാലത്തെ സുന്ദരസ്മരണങ്ങൾ എന്റെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട് . മനോഹാരിത മാത്രമല്ല അൽപം വേദനകകളും ആ മരുഭൂ സ്മൃതികൾക്കുണ്ട്. സംശയിക്കേണ്ട, അതു വേദന തന്നെയാണ്.തണുത്ത മരുഭൂമിയിൽ ചൂട് പകരുന്ന ഒന്നും കാണില്ല.

എന്നാൽ ഒരു രാത്രി ചൂടേറ്റ് പല തവണ ഞാൻ ഉറക്കമുണർന്നു. നോക്കിയപ്പോൾ അതു എന്റെ വിരിപ്പിൽ ചൂടു തേടിയെത്തിയ ചെറുതേളുകളായിരുന്നു. കഠിനവേദന കൊണ്ടു ഞാൻ പുളഞ്ഞു. ഹുമൈദ് എന്നെ തീ നാളത്തിനടുത്തേക്ക് കൂട്ടികൊണ്ടു പോയി. വിഷമിറക്കാൻ തേൾ കടിയേറ്റ ദേഹ ഭാഗത്ത് വെണ്ണീർ വച്ച് വേദന അകറ്റിത്തന്നു. നേരിയ ചൂടുള്ള ചാരം തണുക്കുന്നതോടെ വേദനശരീരത്തിൽ തിരിച്ചെത്തും. അതോടെ വീണ്ടും ഉറക്കം നഷ്ടപ്പെടും.. തേളുകുത്തിയ ഏക വ്യക്തി ഞാനായിരിക്കുമെന്നെനിക്ക് വേദനയിൽ എരിപൊരി കൊള്ളുമ്പോൾ തോന്നിപ്പോയി. രണ്ട് കാരണങ്ങളാൽ അതു ശരിയായിരുന്നു. കിടക്കുന്നതിനു മുമ്പ് വിരിപ്പ് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണമെന്ന ഹുമൈദിന്റെ ഉപദേശം ഞാൻ അവഗണിച്ചു.

പന്ത്രണ്ടോളം ചെറു തേളുകളെ ഹുമൈദ് മനഃപൂർവം എന്റെ കട്ടിനരികിൽ കരുതിയിരുന്നു. നേരം വെളുത്തപ്പോഴാണ് എനിക്ക് അതു ബോധ്യപ്പെട്ടത്. മരുഭൂമിയിലെ ചെറുതേളുകളുകളുടെ കുത്തേറ്റ് എന്റെ ശരീര പ്രതിരോധശേഷി കൂട്ടാനാണ് ഹുമൈദ് കുഞ്ഞു തേളിൻ കൂട്ടങ്ങളെ വിരിപ്പിനടിയിൽ വച്ചത്. മണൽ കാട്ടിൽ കാണുന്ന അപകടകാരികളായ തേളുകളുടെ കുത്തേറ്റാലുള്ള ശാരീരികപ്രയാസങ്ങൾ മറികടക്കാൻ ഈ പരീക്ഷണം പ്രയോജനപ്രദമാണ്. ഇന്നും എന്റെ ശരീരത്തിനു തേൾ വിഷം തീണ്ടാനാകാത്ത വിധം പ്രതിരോധശേഷിയുണ്ട്.

(തയാറാക്കിയത് മുജീബ് എടവണ്ണ)