സ്പെഷ്യൽ ഒളിംപിക്സിനെ വരവേൽക്കാൻ അബുദബി; ദീപശിഖ തെളിഞ്ഞു

അബുദബിയിൽ ഈ മാസം പതിനാലിനു തുടങ്ങുന്ന സ്പെഷ്യൽ ഒളിംപിക്സിനായുള്ള ദീപശിഖ തെളിഞ്ഞു. ഗ്രീസിൽ നിന്നും കൊണ്ടുവന്ന തീനാളമാണ് ഫൌണ്ടേഷൻ മെമ്മോറിയലിൽ തെളിച്ചത്. ഇന്ത്യയടക്കം നൂറ്റിതൊണ്ണൂറു  രാജ്യങ്ങളാണ് സ്പെഷ്യൽ ഒളിംപിക്സിൽ പങ്കെടുക്കുന്നത്.

മിന മേഖലയിലേക്ക് ആദ്യമായെത്തുന്ന സ്പെഷ്യൽ ഒളിംപിക്സിനായി പ്രത്യേക ഒരുക്കങ്ങളാണ് അബുദബിയിൽ തുടരുന്നത്. ഏതൻസിൽ നിന്നും ഇത്തിഹാദിൻറെ പ്രത്യേക വിമാനത്തിലെത്തിച്ച ദീപശിഖ അബുദബിയിലെ ഫൌണ്ടേഷൻ മെമ്മേറിയലിൽ തെളിച്ചാണ് ഒളിംപിക്സിനെ വരവേറ്റത്. യു.എ.ഇയിലെ ഏഴു എമിറേറ്റുകളിലൂടെയും ഈ ദിവസങ്ങളിൽ ദീപശിഖാ പ്രയാണമുണ്ടാകും. സായിദ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നാൽപതിനായിരത്തിലധികം കാണികൾക്ക് മുന്നിൽ വർണാഭമായ ചടങ്ങുകളോടെയാണ് ഒളിംപിക്സിന് തുടക്കമാവുക. 

നിശ്ചയദാർഡ്യക്കാർ ലോകത്തിനു നൽകുന്ന സന്ദേശം വേദികളിൽ പ്രതിഫലിക്കും. 24 മൽസരയിനങ്ങളിലായി 190 രാജ്യങ്ങളിൽ നിന്നുള്ള ഏഴായിരത്തിലധികം അത്ലറ്റുകൾ മേളയുടെ ഭാഗമാകും. കായികമൽസരങ്ങളുടെ പ്രകടനം എന്നതിലുപരി മാനവികതയുടെ പ്രഖ്യാപനമായി മേളയെ മാറ്റാനുള്ള ശ്രമങ്ങളാണ് അബുദബി കിരീടാവകാശിയും യു.എ.ഇ ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിൻറെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്.