മോഡിഫൈഡ് കാറുമായി ‘അലമ്പ്’; മകനെ ഷാര്‍ജ പൊലീസില്‍ ഹാജരാക്കി പിതാവ്

ഷാര്‍ജയില്‍ റോഡിലൂടെ മോഡിഫൈ ചെയ്ത കാറുമായി പോയി പ്രശ്നം സൃഷ്ടിച്ച മകനെ സ്വന്തം പിതാവ് തന്നെ പൊലീസിനു മുന്നിൽ ഹാജരാക്കി. റോഡിലൂടെ പോകുമ്പോൾ പൊലീസ് പട്രോൾ സംഘം യുവാവിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു. വാഹനത്തിന്റെ വിവരങ്ങൾ കണ്ടുപിടിച്ച പൊലീസ് ഇത് ഇയാളുടെ പിതാവിന്റെ പേരിലാണ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മനസിലാക്കി. എന്നാൽ, മകൻ കാറിൽ ചെയ്ത മാറ്റങ്ങൾ പിതാവ് അറിഞ്ഞിരുന്നില്ലെന്ന് പൊലീസിനും വ്യക്തമായി. ഇക്കാര്യം മനസിലാക്കിയ പിതാവ് മകനെ പൊലീസിനു മുന്നിൽ ഹാജരാക്കുകയായിരുന്നു

അമിതമായി ശബ്ദമുണ്ടാക്കി പ്രശ്നം സൃഷ്ടിക്കുന്ന കാറുകൾക്കെതിരെ നടപടിയെടുക്കാൻ ഷാർജ പൊലീസും അജ്മാൻ പൊലീസും റാസൽഖൈമ പൊലീസും സംയുക്തമായി ത്രീ പോയിന്റ് ആക്ഷൻ എന്ന പേരിൽ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് എമറാത്ത് അൽ യോം റിപ്പോർട്ട് ചെയ്തു. കാറുകൾ മോഡിഫിക്കേഷൻ നടത്തുക, നിയമവിരുദ്ധമായി ഇത്തരം ജോലികൾ ചെയ്യുന്ന കടകൾക്കെതിരെ നടപടിയെടുക്കുക തുടങ്ങിയവയാണ് ഇവരുടെ നീക്കം. വിവിധ വാഹനങ്ങൾക്കു ശബ്ദ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ചാൽ പിഴ നൽകേണ്ടിവരും. പൊലീസ് പട്രോളിങ്ങ് ശക്തമാക്കുകയും ചെയ്തു. കഴിഞ്ഞ വർഷം റാസൽഖൈമ പൊലീസ് കാർ മോഡിഫിക്കേഷൻ നടത്തിയതിന് 123 കേസുകൾ റജിസ്റ്റർ ചെയ്തു. 373 കേസുകൾ അമിത ശബ്ദം പുറപ്പെടുവിച്ചതിനും റജിസ്റ്റർ ചെയ്തിട്ടുണ്ട്. അജ്മാനിൽ 2018 നവംബർ വരെ 186 കേസുകൾ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടും 201 കേസുകൾ അമിത ശബ്ദവുമായി ബന്ധപ്പെട്ടും ഫയൽ ചെയ്തിട്ടുണ്ട്.

അമിത ശബ്ദം പുറപ്പെടുവിക്കുന്ന കാറുകളുടെ ഡ്രൈവർമാർക്ക് കടുത്ത ശിക്ഷയാണെന്ന് ഷാർജ പൊലീസ് അറിയിച്ചു. ശബ്ദത്തിന്റെ അളവനുസരിച്ചാണ് ശിക്ഷയും. 100Hzനും 105 Hzനും ഇടയിൽ ആണ് ശബ്ദമെങ്കിൽ വാഹനം 30 ദിവസം കസ്റ്റഡിയിൽ എടുക്കുകയും ഡ്രൈവർക്ക് 1000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. 105 Hzന് മുകളിൽ ആണ് ശബ്ദമെങ്കിൽ വാഹനം ആറുമാസത്തേക്ക് കസ്റ്റഡിയിൽ എടുക്കും. 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ശിക്ഷ.

18നും 30നും ഇടയിൽ പ്രായമുള്ളവരാണ് വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നതിൽ കൂടുതലും ഉള്ളതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. 100,000 ദിർഹം മുതൽ 120,000 ദിർഹം വരെ ഇത്തരം പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നു. എൻജിൻ പോലും മാറ്റുന്നു. അൽ ഖ്വറൈൻ, അൽ മറ്റാർ ഭാഗങ്ങളിൽ നിന്നാണ് സ്ഥിരമായി പൊലീസിന് പരാതി ലഭിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.