ആ സെല്‍ഫിയില്‍ രാഹുലിനൊപ്പമുള്ളത് മലയാളി പെണ്‍കുട്ടി; ‘തിരഞ്ഞു’ പിടിച്ച ഭാഗ്യം

രണ്ടു ദിവസത്തെ സന്ദർശനത്തിനായി യു.എ.ഇയിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു ആവേശനിർഭരമായ സ്വീകരണമാണ് ദുബായിൽ ലഭിച്ചത്. രാഹുലിന്റെ ദുബായ് സന്ദർശനവേളയിൽ സമൂഹമാധ്യമങ്ങൾ തിരഞ്ഞത് രാഹുലിനൊപ്പം സെൽഫിയെടുത്ത ഒരു സുന്ദരിയെയായിരുന്നു. പെൺകുട്ടിക്കൊപ്പമുളള സെൽഫി രാഹുൽ തന്റെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ പെൺകുട്ടി ആരെന്നറിയാൻ സമൂഹമാധ്യമങ്ങൾ ശ്രമം ആരംഭിക്കുകയും ചെയ്തു. 

യുഎഇ സ്വദേശിയാണെന്നും എയർപോർട്ട് ജീവനക്കാരിയാണെന്നും അങ്ങനെ മിനിറ്റുകൾക്കുള്ളിൽ അഭ്യൂഹങ്ങൾ പലതും പ്രചരിച്ചു. എന്നാൽ കാസർഗോഡ് മേൽപറമ്പ് സ്വദേശി ഹസിൻ അബ്ദുള്ളയാണ് രാഹുൽ ഗാന്ധിക്കൊപ്പം വൈറലായ സെൽഫിക്ക് പോസ് ചെയ്തത്. സഹോദരൻ നൗഫൽ അബ്ദുല്ലയ്ക്കൊപ്പം രാഹുലിനെ കാണാൻ വിമാനത്താവളത്തിൽ എത്തിയെങ്കിലും തിരക്കു കാരണം ഫോട്ടോ എടുക്കാൻ സാധിച്ചില്ല. തുടർന്ന് അനുവാദം വാങ്ങിയ ശേഷം കുടുംബത്തിനൊപ്പം രാഹുൽ താമസിക്കുന്ന ജുമൈറ ബീച്ച് ഹോട്ടലിൽ എത്തുകയും സെൽഫി എടുക്കുകയും ചെയ്തു. ഈ ചിത്രം രാഹുലിന്റെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുമെന്നോ ഇത്രയധികം ചർച്ചയാകുമെന്നോ ഈ പെൺകുട്ടി കരുതിയിരുന്നില്ല.

സെൽഫിയെടുക്കുന്ന ഫോട്ടോ രാഹുൽ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മൊബൈലിൽ പകർത്തിയിരുന്നു. സുരക്ഷാ ആവശ്യങ്ങൾക്കായി എടുത്തതാണെന്നായിരുന്നു ഹസിൻ മനസിലാക്കിയിരുന്നത്. താനുമായുളള സെൽഫി രാഹുൽ ഗാന്ധി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുമെന്ന് സ്വപനത്തിൽ പോലും കരുതിയിരുന്നില്ലെന്നും ഹസിൻ പറയുന്നു. ദുബായിൽ സഹോദരനൊപ്പം ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തുകയാണ് ഹസിൻ. 

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കോൺഗ്രസ് അധ്യക്ഷന്റെ സന്ദർശനം വിജയിപ്പിക്കാൻ കേരളത്തിൽ നിന്നടക്കം നേതാക്കൾ യു.എ.ഇയിലെത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.പിമാരായ, കൊടിക്കുന്നിൽ സുരേഷ്, എം.കെ.രാഘവൻ, ആൻറോ ആൻറണി, കുഞ്ഞാലികുട്ടി തുടങ്ങിയവർ രാഹുലിനൊപ്പമുണ്ട്.