കുവൈത്തിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി; തീരുമാനം മൂന്നുവർഷത്തിനു ശേഷം

കുവൈത്തിലെ ഇന്ത്യൻ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു. പുതുക്കിയ ശമ്പളനിരക്ക് ഈ മാസം ഒന്നു തുടങ്ങി പ്രബല്യത്തിൽ വന്നതായി കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. മൂന്നുവർഷത്തിനു ശേഷമാണ് തൊഴിലാളികളുടെ മിനിമം വേതനം പരിഷ്കരിച്ചത്.

പുതുക്കിയ ശമ്പളനിരക്കു പ്രകാരം ഗാർഹികത്തൊഴിലാളികളുടെ മിനിമം വേതനം 70 ൽ നിന്നും 100 ദിനാറാക്കി ഉയർത്തിയിട്ടുണ്ട്. ഇന്ത്യൻ എംബസിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പുതിയ അറിയിപ്പ് അനുസരിച്ചു അവിദഗ്ധരായ ഗാർഹിക ജോലിക്കാർക്ക് ചുരുങ്ങിയ വേതനം 100 ദിനാറായിരിക്കും. വീട്ടുവേലക്കാർ, പാചകക്കാർ, ഡ്രൈവർമാർ, ഹെൽപർമാർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്കും ഇതേ നിരക്കായിരിക്കും. 

ഡിപ്ലോമ യോഗ്യതയുള്ള നഴ്‌സുമാരുടെ വേതനം 275 ദിനാറും ബി.എസ്.സി യോഗ്യതയുള്ളവരുടേത് 350 ദിനാറുമാക്കി ഉയർത്തി. നേരത്തെ ഇത് യഥാക്രമം 260 ദിനാർ, 325 ദിനാർ എന്നിങ്ങനെയായിരുന്നു. ഗാർഹികത്തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണം, താമസം, ചികിത്സ, നാട്ടിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് എന്നിവ നൽകണമെന്ന നിലവിലെ വ്യവസ്ഥയിൽ മാറ്റമില്ല.  

ജീവിതച്ചെലവ് ഉയർന്നതിന്റെയും ഇപ്പോഴത്തെ തൊഴിൽ വിപണി നിലവാരത്തിന്റെയും അടിസ്ഥാനത്തിലാണ് ചുരുങ്ങിയ വേതനം പരിഷ്കരിക്കാൻ തീരുമാനിച്ചതെന്നും എംബസ്സിയുടെ അറിയിപ്പിൽ പറയുന്നു.