2019 യു.എ.ഇക്ക് സഹിഷ്ണുതാ വർഷം; മാർപാപ്പയെത്തും; മറ്റു മതനേതാക്കളും

രണ്ടായിരത്തി പത്തൊൻപതിനെ സഹിഷ്ണുതാ വർഷമായി ആചരിക്കാനൊരുങ്ങി യു.എ.ഇ. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് വർഷാചരണത്തിന്റെ തുടർച്ചയായാണ് സഹിഷ്ണുതാ വർഷമെന്ന് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു.

ഇരുന്നൂറിലധികം  രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ വിശാല മനസോടെ സ്വീകരിക്കുന്ന യു എ ഇ അടുത്തവർഷം സഹിഷ്ണുത വർഷമായി ആചരിക്കുകയാണ്. ലോക ജനതയുടെ സുരക്ഷക്കും സുസ്ഥിരതക്കും സന്തോഷത്തിനുമുള്ള ഒറ്റമൂലിയാണ് സഹിഷ്ണുതയെന്നു യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ  ട്വിറ്ററിൽ കുറിച്ചു. ഷെയ്ഖ് സായിദ് ലോകത്തിന് പകർന്ന സഹിഷ്ണുതാ ആശയങ്ങളാണ് ഒരു വർഷം നീളുന്ന ആചരണത്തിൽ യു.എ.ഇയിൽ പ്രതിഫലിക്കുകയെന്നും ഷെയ്ഖ് ഖലീഫ അറിയിച്ചു.

സഹിഷ്ണുതക്ക് ഒരു വകുപ്പും മന്ത്രിയുമുള്ള ലോകത്തിലെ ഏക രാജ്യവുമാണ് യു.എ.ഇ. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളുമായും മതനേതാക്കളുമായും സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ വ്യക്തിത്വങ്ങളുമായും ഏറ്റവുമടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് യു.എ.ഇ ഭരണാധികാരികൾ. അതിനാൽ തന്നെ ലോകനേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സഹിഷ്ണുതാ സമ്മേളനങ്ങൾക്കും മത സംവാദസമ്മേളനങ്ങൾക്കും  യു.എ.ഇ സ്ഥിരം വേദിയാണ്. 

2019 ഫെബ്രുവരിയിൽ  കത്തോലിക്കാ സഭാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ യു എ ഇ സന്ദർശിക്കുന്നതും സഹിഷ്ണുതാ വർഷാചരണത്തിന്റെ ഭാഗമായിരിക്കും. മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്സ് അംഗങ്ങളുമായി കൂടിക്കാഴ്ചയും ഫൗണ്ടേഴ്സ് മെമ്മോറിയലിൽ മതസമ്മേളനവും  സഹിഷ്ണുതാവർഷ ത്തിന്റെ ഭാഗമായി മാർപാപ്പയുടെ സന്ദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം വിവിധ രാജ്യങ്ങളുമായി സഹകരിച്ച് പ്രത്യേകസംസ്‌കാരിക പരിപാടികളും  സഹിഷ്ണുതാവർഷ ത്തിൽ ഉൾപ്പെടുത്തും.