യു.എ.ഇയുടെ ആദ്യ തദ്ദേശീയ കൃതൃമോപഗ്രഹം; ഖലീഫസാറ്റിന്റെ വിക്ഷേപണം ഇന്ന്

യു.എ.ഇയുടെ ആദ്യ തദ്ദേശീയ കൃതൃമോപഗ്രഹം ഖലീഫസാറ്റ്  ഇന്ന് വിക്ഷേപണം ചെയ്യും. യു.എ.ഇ സമയം രാവിലെ എട്ടിന് ജപ്പാനിലെ തനിഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം. കാലാവസ്ഥാ നിരീക്ഷണം അടക്കമുള്ള മേഖലകളിൽ ഖലീഫാസാറ്റ് പ്രയോജനകരമാകുമെന്നാണ് കരുതുന്നത്.

യുഎഇ യുവതയുടെ കർമശേഷിയുടെ അടയാളമായ ഖലീഫാസാറ്റ് ജപ്പാനിലെ യോഷിനോബു വിക്ഷേപണ സമുച്ചയത്തിൽനിന്നാണ് വാനിലേക്ക് ഉയരുന്നത്. മിറ്റ്സുബിഷി ഹെവി ഇൻഡസ്ട്രീസിെൻറ എച്ച് 2 എ റോക്കറ്റാണ് ഖലീഫാസാറ്റിനെ വഹിക്കുന്നത്. വിക്ഷേപണം നിരീക്ഷിക്കുന്നതിന് മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തിലെ ശാസ്ത്രസംഘം ജപ്പാനിലെത്തിയിട്ടുണ്ട്. വിക്ഷേപണം എം.ബി.ആർ.എസ്.സി വെബ്സൈറ്റിൽ തത്സമയം സംപ്രേഷണം ചെയ്യും. ഖലീഫസാറ്റിന്റെ വിക്ഷേപണം ബഹിരാകാശഗവേഷണരംഗത്തെ പുതുയുഗത്തിൻറെ തുടക്കമാണെന്നു ദുബൈ കിരീടാവകാശിയും എം.ബി.ആർ.എസ്.സി ചെയർമാനുമായ ഷെയ്ഖ്  ഹംദാൻ ബിൻ മുഹമ്മദ് പറഞ്ഞു. 

ഭൂമിയുടെ ഏറ്റവും ഹൈ റസല്യൂഷൻ ചിത്രങ്ങൾ അതി സൂക്ഷ്മമായി പകർത്താനും ലോകത്ത് എവിടേക്കും അതിവേഗം കൈമാറാനും കഴിയും. കാലാവസ്ഥാ നിരീക്ഷണം, അടിസ്ഥാന സൌകര്യ വികസനം, നഗരാസൂത്രണം, സമുദ്ര പഠനം തുടങ്ങിയ മേഖലകളിൽ വിലപ്പെട്ട വിവരങ്ങൾ ഖലീഫാസാറ്റ് വഴി ലഭ്യമാകും. പരിസ്ഥിതി സംരക്ഷണ പദ്ധതികൾക്കു രൂപം നൽകാനും പ്രകൃതി ദുരന്തങ്ങളെക്കുറിച്ചു പഠക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും കാലാവസ്ഥാ വ്യതിയാനങ്ങൾ മുൻകൂട്ടി മനസിലാക്കാനും ഖലീഫാസാറ്റ് സഹായകരമാകും.