നവകേരള നിർമിതി;അബുദാബിയിലെ പ്രവാസികളോട് സഹായമഭ്യർഥിച്ച് മുഖ്യമന്ത്രി

നവകേരള നിർമ്മിതിക്ക് അബുദാബിയിലെ പ്രവാസി വ്യവസായികളോട് നേരിട്ട് സഹായമഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുമാസത്തെ ശമ്പളം ഘട്ടങ്ങളായി നൽകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭ്യർഥന. അതേസമയം, കേരളത്തിനു ലഭിക്കേണ്ടിയിരുന്ന വിദേശരാജ്യങ്ങളുടെ സഹായം കേന്ദ്രസർക്കാർ നയം കാരണം നഷ്ടമായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അബുദാബിയിൽ ഇന്ത്യൻ ബിസിനസ് പ്രൊഫഷണൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തിയ വ്യവസായി സംഗമത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ സഹായഅഭ്യർത്ഥന. ദുരിതനാളുകളിൽ പ്രവാസികൾ നൽകിയ സഹായത്തിനു നന്ദി പറഞ്ഞ മുഖ്യമന്ത്രി, നവകേരള നിർമ്മിതിക്ക് പ്രവാസ സമൂഹം കൂടെയുണ്ടാകണമെന്ന് അഭ്യർഥിച്ചു. 

നവകേരള നിർമിതിയുടെ ഭാഗമായി വൻ നിക്ഷേപ സാധ്യതയുണ്ട്. അതിനായി ചുവപ്പുനാടകൾ ഒഴിവാക്കും. ഈ അവസരം പ്രവാസിവ്യവസായികൾ പ്രയോജനപ്പെടുത്തണം. അതേസമയം, വിദേശരാജ്യങ്ങളുടെ സഹായം ഇനി ലഭിക്കില്ലെന്ന് ഉറപ്പായെന്നും കേന്ദ്ര സർക്കാർ നയമാണത്തിനു കാരണമെന്നും മുഖ്യമന്ത്രി പ്രവാസികളോടായി വ്യക്തമാക്കി. വ്യവസായികളായ എം.എ യൂസഫലി, ബി.ആർ ഷെട്ടി, ആസാദ് മൂപ്പൻ, അദീപ് അഹമ്മദ് തുടങ്ങി മുന്നോറോളം  വ്യവസായികൾ പങ്കെടുത്തു. വ്യവസായികൾ, സംഘടനാ പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി, വൈകിട്ട് അബുദാബിയിലെ പ്രവാസി മലയാളികളെ അഭിസംബോധന ചെയ്തു സംസാരിക്കും. തുടർന്ന് വെള്ളി, ശനി ദിവസങ്ങളിലായി ദുബായിലും ഷാർജയിലും പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും.