യുഎഇയിൽ വാട്സാപ് കോളിന് അനുമതിയോ? വ്യക്തതയുമായി ടി ആർ എ

യുഎഇയിൽ വാട്സാപ് കോളിന് അനുവാദം ലഭിച്ചുവെന്ന അഭ്യൂഹം. ഇതിൽ വ്യക്തതയുമായി യുഎഇ ടെലികമ്മ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി (ടിആർഎ). വാട്സാപ് കോളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തെറ്റാണെന്ന് ടിആർഎ വ്യക്തമാക്കി. വാട്സാപ് കോളുകൾക്ക് അനുമതി ലഭിച്ചുവെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചില വ്യക്തികൾ പോസ്റ്റ് ചെയ്ത സംഭവത്തിലാണ് ടിആർഎയുടെ വിശദീകരണം. ടിആർഎ അധികൃതരെ ഉദ്ധരിച്ച് എമിറാത് അൽ യോം റിപ്പോർട്ട് ചെയ്തു. 

പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ച യുഎഇയിൽ താമസിക്കുന്ന ചിലയാളുകൾക്ക് വൈഫെ ഉപയോഗിച്ച് വാട്സാപ് കോൾ ചെയ്യാൻ സാധിച്ചുവെന്നതായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചരണം. ഇതോടെയാണ് വിശദീകരണവുമായി ടിആർഎ രംഗത്തെത്തിയത്. രാജ്യത്തിന്റെ റഗുലേറ്ററി നിയമങ്ങൾക്ക് ഉള്ളിൽ നിന്നുകൊണ്ടു മാത്രമേ ഏതൊരു ആപ്ലിക്കേഷനും ഉപയോഗിക്കാൻ പാടുള്ളുവെന്ന് ടിആർഎ ആവർത്തിച്ചു വ്യക്തമാക്കി.

യുഎഇയിലെ പ്രമുഖ വ്യവസായി ഖലാഫ് അൽ ഹബ്തോർ കഴിഞ്ഞ ദിവസം ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവന നടത്തിയിരുന്നു. യുഎഇ ടെലികോം അധികൃതർ വിഒഐപിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യം. യുഎഇയിലെ ജനങ്ങൾക്ക് വാട്സാപ്പ്, സ്കൈപ്പ് എന്നിവ ഉപയോഗിച്ച് സൗജന്യമായി ഫോൺ വിളിക്കാനുള്ള അവസരം നൽകണമെന്നും ഖലാഫ് അൽ ഹബ്തോർ പറഞ്ഞിരുന്നു.