പ്രളയം; കേരളത്തിലെ കൊച്ചുകൂട്ടുകാർക്ക് ദുബായിൽ നിന്ന് രണ്ടര ലക്ഷം പെൻസിൽ: ആ കഥ

ദുരിതപ്പെയ്ത്ത് നാശം വിതച്ച കേരളത്തിന്റെ കണ്ണീരൊപ്പാനും നവകേരളം പടുത്തുയർത്താനും നിരവധി സുമനസുകളാണ് മുന്നോട്ടു വന്നത്. പ്രളയദുരിതം ഏറ്റുവാങ്ങിയ കൊച്ചുകൂട്ടുകാരെ ജീവിതത്തിലേയ്ക്ക് തിരിച്ചു നടത്തുവാൻ ദുബായിൽ നിന്നൊരു വേറിട്ട സഹായം. യുഎഇയുടെ ‘പെൻസിൽമാൻ’ എന്നറിയപ്പെടുന്ന തമിഴ്നാട് സ്വദേശിയായ ചാർട്ടേർഡ് അക്കൗണ്ടന്റ് കെ.വെങ്കിട് രാമൻ കേരളത്തിലെ വിദ്യാലയങ്ങളിലേയ്ക്ക് രണ്ടര ലക്ഷം പെൻസിൽ നൽകുന്നു! കൂടാതെ, 50 സ്കൂളുകളിലേയ്ക്ക് സ്റ്റേഷനറി സാധനങ്ങളും യൂണിഫോമുകളും എത്തിക്കും. 

ഇന്ത്യയിലെ നടരാജ പെൻസിൽസ് കമ്പനിയുമായി ബന്ധപ്പെട്ടാണ് പെൻസിലുകൾ ശേഖരിച്ചത്. 100 പെൻസിലുകളടങ്ങിയ ജാറുകളാക്കി 25,000 പെൻസിലുകൾ ഇതിനകം മുംബൈയിൽ നിന്ന് തൃശൂരിലേയ്ക്ക് അയച്ചുകഴിഞ്ഞു. ബാക്കി പെൻസിലുകളും കളർപെൻസിലുകൾ, യൂണിഫോം, മറ്റു സ്റ്റേഷനറി സാധനങ്ങൾ എന്നിവയും ഒക്ടോബർ അവസാനത്തോടെ ആയിരം സ്കൂളുകൾക്ക് അയച്ചുകൊടുക്കും. 

അയൽ സംസ്ഥാനമായതു കൊണ്ടല്ല  പ്രളയദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കേരള ജനതയുടെ കണ്ണീരുകണ്ട് ഏറെ വിഷമം തോന്നിയതു കൊണ്ടാണ് ഈ ശ്രമമെന്ന് വെങ്കിട് രാമൻ പറയുന്നു.  വിദ്യാഭ്യാസത്തിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതായത് കുട്ടികളുടെ പഠനം മുടങ്ങിയത് വലിയ പ്രതിസന്ധിയാണെന്ന് തിരിച്ചറിഞ്ഞു. വിദ്യാഭ്യാസമാണ് മികച്ച പൗരനെ സൃഷ്ടിക്കുന്നത് എന്നതിനാൽ അതിനാണ് പ്രാധാന്യം നൽകുന്നത്. തൃശൂർ കേന്ദ്രീകരിച്ച് പ്രളയബാധിത പ്രദേശത്ത് പ്രവർത്തിക്കുന്ന നാഷനൽ കാഡറ്റ് കോർപ്സ് (എൻസിസി) ഉദ്യോഗസ്ഥൻ കേണൽ പദ്മനാഭൻ, സുഹൃത്ത് കോഴിക്കോട് സ്വദേശി ബഷീർ എന്നിവരെ ചുമതലപ്പെടുത്തിയാണ് വയനാട്, തൃശൂർ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ സ്കൂളുകളിൽ പെൻസിലുകൾ വിതരണം ചെയ്യുന്നത്. 

യുഎഇയിലുള്ള തന്റെ ഇന്ത്യൻ സുഹൃത്തുക്കളോട് കാര്യം അവതരിപ്പിച്ചപ്പോള്‍ എല്ലാവരും തങ്ങളുടേതായ സംഭാവനയുമായി മുന്നോട്ട് വന്നു. കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പലരും സംഭാവനകൾ അയച്ചു. എമിറേറ്റ്സ് റെഡ് ക്രസന്റുമായും വെങ്കിട് രാമൻ സഹകരിക്കുന്നു. ഇതിലൂടെ കേരളത്തിലേയ്ക്ക് 7.5 ടൺ സാധനങ്ങൾ അയക്കാനും സാധിച്ചു. കുറച്ചുദിവസം കഴിഞ്ഞ് കേരളം സന്ദർശിച്ച് തിരിച്ചുവന്ന് കൂടുതൽ സാധനങ്ങൾ അയക്കാനാണ് പദ്ധതി.

കഴിഞ്ഞ 10 വർഷമായി സാമൂഹിക–ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഇദ്ദേഹം യുഎഇയിൽ ഏറ്റവും കൂടുതൽ പാഴാകുന്ന വസ്തുക്കളിലൊന്ന് പെൻസിലുകളാണെന്ന് പറയുന്നു. ഇത് എങ്ങനെ ഉപയോഗിക്കാമെന്ന ആലോചനയിൽ ഇവിടെ പെൻസിൽ ശേഖരണം തുടങ്ങി. അവ ഇന്ത്യൻ ഗ്രാമങ്ങളിലെ സ്കൂളുകളിലേയ്ക്ക് അയച്ചുകൊടുത്തപ്പോൾ ലഭിച്ച പ്രതികരണം വളരെ വലുതായിരുന്നു. അതുവഴി ‘പെൻസിൽമാൻ’ എന്ന പേരും ലഭിച്ചു. അതു സന്തോഷത്തോട സ്വീകരിച്ചു. മുംബൈ കേന്ദ്രീകരിച്ച് ജോയ് ഫുൾ ഗിഫ്റ്റിങ് എന്ന പേരിൽ ഒരു സാമൂഹിക സ്ഥാപനവും വെങ്കിട് രാമൻ നടത്തിവരുന്നു. 

16 സംസ്ഥാനങ്ങളിലെ ഇന്ത്യൻ ഗ്രാമങ്ങളിലേയ്ക്കാണ് ഇൗ സ്ഥാപനം വഴി സഹായമെത്തുന്നത്. തമിഴ്നാട്ടിലേയും കേരളത്തിൽ അട്ടപ്പാടിയിലേയും സ്കൂളുകൾ സന്ദർശിച്ച് സഹായമെത്തിച്ചുവരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റവും കൂടുതൽ സ്റ്റേഷനറി വസ്തുക്കൾ ശേഖരിച്ചതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് വെങ്കിട് രാമൻ അടുത്തിടെ സ്വന്തമാക്കിയിരുന്നു. കൂടാതെ, യുഎഇയിലെ ഏറ്റവും ജനപ്രീതിയാർജിച്ച ഇന്ത്യക്കാരൻ എന്ന ബഹുമതിയും ഇൗയിടെ നേടകയുണ്ടായി. ചാർടേർഡ് അക്കൗണ്ടായ ഭാര്യ നീല, മക്കളായ കൃഷ്ണ, ദിവ്യ എന്നിവരുടെ അകമഴിഞ്ഞ പിന്തുണയും ഇദ്ദേഹത്തിനുണ്ട്.