ഗാർഹിക തൊഴിലാളി നിയമനം; കുവൈത്തിലേക്ക് നോർക്ക് റൂട്ട്സ് വഴിയുള്ള ആദ്യ ബാച്ച് ഉടൻ

കുവൈത്തിലേക്ക് നോർക്ക റൂട്ട്സ് വഴിയുള്ള ആദ്യ ബാച്ച് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ‌റ് ഉടനെയുണ്ടാകും. യാത്രാരേഖകൾ തയാറായാൽ നാൽ‌പതോളം മലയാളികള്‍ ഉടന്‍ കുവൈത്തിലെത്തും. 

ഗാർഹിക തൊഴിലാളികളായ 500 പേരെ റിക്രൂട്ട് ചെയ്യുന്നതിന് കുവൈത്തിലെ സര്‍ക്കാര്‍ കമ്പനിയായ അൽ ദു‌റയും നോർക്ക-റൂട്ട്സും നേരത്തെ ധാരണയായിരുന്നു. അതനുസരിച്ച് നോർക്ക-റൂ‍ട്ട്സ് കൈമാറിയ നൂറോളം പേരുടെ ബയോഡേറ്റയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് ആദ്യബാച്ചിൽ അവസരം ലഭിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന വനിതാ ഗാർഹിക തൊഴിലാളികളെ മൂന്നു ദിവസത്തെ ഓറിയൻ‌റേഷൻ കോഴ്സിനു ശേഷമാകും കുവൈത്തിലേക്ക് അയക്കുക. തൊഴിലിടങ്ങളിലെ സാഹചര്യം, ഭാഷാപരമായ കാര്യങ്ങൾ, നിയമപരിരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയിലെ അവബോധമാണ് കോഴ്സ് വഴി ലക്ഷ്യമിടുന്നത്.

ഇന്ത്യയിൽ നിന്നുള്ള വനിതാ ഗാർഹിക തൊഴിലാളിക്ക് 110 ദിനാർ ആണ് പ്രതിമാസ ശമ്പളം ലഭിക്കുക. ഭക്ഷണം, താ‍മസ സൌകര്യം, ഇൻഷുറൻസ് കവറേജ്, മൊബൈൽ സിം, തൊഴിൽനിയമ പരിരക്ഷ എന്നിവ ഉറപ്പാക്കും. പ്രശ്നം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ജോലിക്കാരെ താമസിപ്പിക്കുന്നതിന് കമ്പനി മേൽനോട്ടത്തിൽ ആറ് ഗവർണറേറ്റുകളിലും അഭയകേന്ദ്രങ്ങളുണ്ടാകും. പുതിയ ജോലി ലഭ്യമാക്കുന്നതിനും കമ്പനി സഹായിക്കും.