കാമുകിയുടെ ആദ്യ കാമുകനെ കൊന്നു; അബുദാബിയില്‍ വധശിക്ഷ: കാമുകിക്കും തടവ്

കാമുകിയുടെ മുൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് വധശിക്ഷ. ടുണിഷ്യൻ യുവാവിനാണ് അബുദാബി കോടതി വധശിക്ഷ വിധിച്ചത്. കേസിൽ പങ്കാളിയായ യുവതിക്ക് കോടതി 25 വർഷത്തെ തടവും വിധിച്ചു. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം. പഴയ പങ്കാളിയുടെ പേരു വിവരങ്ങള്‍ പുതിയ കാമുകന് നൽകി കൊലപാതകത്തിന് പ്രേരിപ്പിക്കുകയായിരുന്നു യുവതി. തുടർന്ന് സംഭവ ദിവസം യുവതി മുൻകാമുകന്റെ അടുത്തെത്തി അൽപസമയം ചിലവഴിക്കുകയും ചെയ്തു. ഇതിനു ശേഷം കേസിൽ പ്രതിയായ യുവാവ് ഇവിടെ എത്തി കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

28 വയസുള്ള ഈജിപ്ഷ്യൻ പൗരനാണ് കൊല്ലപ്പെട്ടത്. 
കൊലപാതകം, ലഹരി മരുന്ന് ഉപയോഗം, അനധികൃതമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക തുടങ്ങി നിരവധി കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.   എന്നാൽ, കൊല്ലപ്പെട്ട വ്യക്തിയെ താൻ കണ്ടിട്ടില്ലെന്നായിരുന്നു പ്രതി കോടതിയിൽ പറഞ്ഞത്. അയാളുടെ പേര് പോലും കേൾക്കുന്നത് ആദ്യമാണെന്നായിരുന്നു ഇയാളുടെ അവകാശ വാദം. എന്നാൽ, ഇയാളുടെ വാദം കോടതി തള്ളി. 

പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കീഴ്കോടതിയുടെ ശിക്ഷ മേൽക്കോടതി ശരിവച്ചു. ടുണീഷ്യൻ പൗരനെയും ഇയാളുടെ കാമുകിയെയും അബുദാബി ക്രിമിനൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ആദ്യം ശിക്ഷിച്ചത്. കാമുകന് വധശിക്ഷയും കാമുകിയ്ക്ക് 25 വർഷം തടവുമായിരുന്നു അന്ന് ശിക്ഷ വിധിച്ചത്.