ഒാളപ്പരപ്പിലെ രാജകീയ അഴക് ഇനി ദുബായ്ക്കു സ്വന്തം

ദുബായ് : കപ്പലുകളുടെ രാജ്ഞി ഇനി കടലിൽ ആലോലമാടി അതിഥികളെ സ്വീകരിക്കും. ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പലായിരുന്ന ക്യൂന്‍ എലിസബത്ത്-2 ദുബായില്‍ ഹോട്ടലായി പരിണമിച്ചുകഴിഞ്ഞു. നാളെ(ബുധൻ) ഹോട്ടല്‍ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. 

ദുബായ് റാഷിദ് തുറമുഖത്താണ് ക്യൂന്‍ എലിസബത്ത് ആഡംബര ഹോട്ടല്‍ നങ്കൂരമിടുക. പതിമൂന്ന് നിലകളിലായാണ് ഹോട്ടല്‍ മുറികള്‍ ഒരുക്കിയിട്ടുള്ളത്. 13 റസ്റ്ററന്‍റുകളും ഇതിലുണ്ടാകും. ദ് ക്വീൻസ് ഗ്രില്ലാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. അഞ്ച് ദശാബ്ദങ്ങളുടെ ചരിത്രമുള്ള ലോകപ്രശസ്തമായ കപ്പലിലെ ആഡംബര സൗകര്യങ്ങൾ താമസക്കാർക്ക് അവിസ്മരണീയ നിമിഷങ്ങളാണ് സമ്മാനിക്കുക. 

27 ലക്ഷം മണിക്കൂറുകളെടുത്താണ് കപ്പലിനെ ആഡംബര ഹോട്ടലാക്കി മാറ്റിയത്. 13 മേൽത്തട്ടുകളുള്ള ഹോട്ടലിന്റെ അകം വളരെ മനോഹരമായാണ് അണിയിച്ചൊരുക്കിയത്. ഒാരോ മുറിയിൽ നിന്നും ജനലിലേയ്ക്ക് നോക്കിയാൽ അമ്പരപ്പിക്കുന്ന കടൽക്കാഴ്ചകള്‍ കാണാൻ സാധിക്കും. അത്യാധുനിക സാങ്കേതിക വിദ്യകൾ ഒാരോ മുറിയിലും സജജീകരിച്ചിട്ടുണ്ട്. 

ക്യൂൻ എലിസബത് –2 പ്രദർശനവും ഇതിനോടനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുണ്ട്. സാധാരണ മുറി മുതൽ റോയൽ സ്യൂട്ട് വരെ അതിഥികളെ കാത്തിരിക്കുന്നുണ്ട്. ഇവയ്ക്ക് രാ‍ജ്ഞിയുടെ മാതാവിന്റേയും മുത്തശ്ശിയുടെയും പേരുകളാണ് നൽകിയിരിക്കുന്നത്. ഹോട്ടല്‍ മുറികളുടെ ബുക്കിങ് ഓണ്‍ലൈൻ വഴി ആരംഭിച്ചുകഴിഞ്ഞു.  ഒരു സ്വപ്നം യാഥാർഥ്യമായെന്നാണ് കപ്പലിലേയ്ക്ക് നാളെ മുതൽ പൊതുജനങ്ങളെ കടത്തിവിടുന്ന കാര്യത്തെക്കുറിച്ച് ഉടമകളായ പോർട്,കസ്റ്റംസ് ആൻഡ് ഫ്രീസോൺ കോർപറേഷൻ ( പിസിഎഫ് സി) ഹോട്ടൽസ് സിഇഒ ഹംസ മുസ്തഫ വിശേഷിപ്പിച്ചത്. ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സുലായം നൽകുന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞു.  ഹോട്ടലിന്റെ ഔപചാരിക ഉദ്ഘാടനം ഇൗ വർഷം ഒക്ടോബറിലാണ് നടക്കുക.