കുവൈത്തില്‍ കമ്പനികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുന്നതിന് മാന്‍പവര്‍ അതോറിറ്റി പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു. രാജ്യത്തെ കമ്പനികളെ മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് വര്‍ക്ക് പെര്‍മിറ്റിന് ക്വോട്ട നിശ്ചയിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാരിന് 25 ശതമാനത്തിലധികം ഓഹരിപങ്കാളിത്തമുള്ള സ്ഥാപനങ്ങള്‍, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങള്‍ ബാങ്കുകള്‍ തുടങ്ങിയായണ് ഒന്നാമത്തെ വിഭാഗത്തില്‍ പെടുന്നത്. ഈ വിഭാഗത്തില്‍ പെട്ട കന്പനികള്‍ക്ക് ആവശ്യമായ തൊഴിലവസരങ്ങളുടെ എണ്ണം അനുസരിച്ച് വര്‍ക്ക് പെര്‍മിറ്റ് നല്‍കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദേശമാധ്യമ സ്ഥാപനങ്ങള്‍, സെന്‍ട്രല്‍ ബാങ്കിന്റെ അംഗീകാരമുള്ള ധനവിനിമയ സ്ഥാപനങ്ങള്‍ എന്നിവയും ഒന്നാമത്തെ ഗണത്തില്‍ വരും. കുവൈത്ത് സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കന്പനികളും സെന്‍ട്രല്‍ സിസ്റ്റം ഫോര്‍ പബ്ലിക് ട്രേഡേഴ്സ് പട്ടികയില്‍ ഒന്നു മുതല്‍ മൂന്നു വിഭാഗങ്ങളിലുള്ള കമ്പനികളും രണ്ടാം വിഭാഗത്തിലാണ് പെടുന്നത്. ആവശ്യമായ തൊഴിലവസരങ്ങളുടെ 25 ശതമാനം തൊഴില്‍ പെര്‍മിറ്റുകളായിരിക്കും ഈ വിഭാഗത്തില്‍ പെട്ട കമ്പനികള്‍ക്ക് ലഭിക്കുക. ഈ രണ്ടു വിഭാഗത്തിലും ഉള്‍പ്പെടാത്ത സ്ഥാപനങ്ങള്‍ക്ക് നിലവില്‍ തൊഴിലെടുക്കുന്ന ജീവനക്കരുടെ തോത് കണക്കാക്കി 25 ശതമാനം തൊഴില്‍ അവസരങ്ങള്‍ നല്‍കും. എന്നാല്‍ ഇങ്ങനെ ലഭിക്കുന്ന വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണം നാലില്‍ കൂടാന്‍ പാടില്ലെന്നും മാന്‍ പവര്‍ അതോറിറ്റി അറിയിച്ചു.