'സ്വവര്‍ഗാനുരാഗി'യാകാന്‍ മമ്മൂട്ടിക്ക് പറ്റും; ആ ധൈര്യം 'ഖാന്‍'മാര്‍ക്കില്ല; വിദ്യാ ബാലന്‍

സൂപ്പര്‍ ഹിറ്റ് ചിത്രം 'കാതലി'ലെ മമ്മൂട്ടിയുടെ പ്രകടനത്തെ വാഴ്ത്തി ബോളിവുഡ് താരം വിദ്യാ ബാലന്‍.  ചിത്രത്തില്‍ സ്വവര്‍ഗാനുരാഗിയായ കഥാപാത്രമാകാന്‍ മമ്മൂട്ടി കാണിച്ച ധൈര്യം ഖാന്‍മാര്‍ക്കുള്‍പ്പടെ ബോളിവുഡിലെ ആര്‍ക്കും ഉണ്ടാവില്ലെന്നും താരം വ്യക്തമാക്കി. അങ്ങനെ ചിന്തിക്കുന്നത് പോലും അസാധ്യമാണെന്നും വിദ്യ സ്വകാര്യ മാധ്യമത്തിലെ പോഡ്കാസ്റ്റില്‍ പറഞ്ഞു. 

ചലച്ചിത്ര സാക്ഷരത കൂടിയ പ്രേക്ഷകരാണ് കേരളത്തിലുള്ളതെന്ന് അംഗീകരിച്ചേ മതിയാവുകയുള്ളൂ. അത് ഉണ്ടാക്കുന്ന വ്യത്യാസം വളരെ വലുതാണ്. മമ്മൂട്ടിയുടെ 'ഗേ' വേഷം മലയാളത്തില്‍ സാധ്യമാണ്. സമൂഹത്തിന്‍റെ പ്രതിഫലനത്തെ അംഗീകരിക്കുന്നവരാണ് മലയാളികള്‍. ഇത്തരം കാര്യങ്ങളില്‍ കുറച്ച് കൂടി തുറന്ന ചിന്താഗതിയുള്ളതായി തനിക്ക് തോന്നിയിട്ടുണ്ട്. ഇത് ഏത് തരത്തിലുള്ള കഥാപാത്രങ്ങളെയും പരീക്ഷിക്കാന്‍ അഭിനേതാക്കള്‍ക്ക് ധൈര്യം നല്‍കുന്നുവെന്നും  വിദ്യ പറഞ്ഞു. ഗേ കഥാപാത്രം ചെയ്യുമ്പോള്‍ അത് തന്‍റെ 'പുരുഷത്വ'ത്തെയോ, ആരാധകരെയോ ബാധിക്കുമെന്ന് മമ്മൂട്ടി ഭയന്നില്ലെന്നും വിദ്യ പ്രശംസിച്ചു. 

'കാതല്‍ ദ് കോര്‍' കണ്ട് താന്‍ ദുല്‍ഖറിന് അച്ഛന്‍റെ അഭിനയത്തെ പ്രശംസിച്ച് സന്ദേശം അയച്ചിരുന്നുവെന്നും ആ സിനിമയില്‍ അഭിനയിക്കുകയും അത് നിര്‍മിക്കുകയും ചെയ്തതിന് അഭിനന്ദിച്ചുവെന്നും താരം വ്യക്തമാക്കി. അത്തരത്തിലുള്ള ഇടപെടലുകള്‍ ലൈംഗിക ന്യൂനപക്ഷത്തിന് നല്‍കുന്ന ആത്മവിശ്വാസവും അംഗീകാരവും വളരെ വലിയതാണെന്നും ഹിന്ദിയില്‍ ആരും ആ റിസ്കെടുക്കാന്‍ തയ്യാറാവുമെന്ന് താന്‍ കരുതുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. എന്നിരുന്നാലും ഭാവിയില്‍ പുതിയ തലമുറ അത്തരം പരീക്ഷണങ്ങള്‍ക്ക് തയ്യാറാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും ആയുഷ്മാന്‍ ഖുറാനയെ ചൂണ്ടിക്കാട്ടി വിദ്യ പറഞ്ഞു. 

ജിയോ ബേബി സംവിധാനം ചെയ്ത 'കാതല്‍ ദ് കോര്‍' മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ്. സ്വവര്‍ഗാനുരാഗിയായ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെടുന്ന യുവതിയെയാണ് ചിത്രത്തില്‍ ജ്യോതിക അവതരിപ്പിച്ചത്. 

None of the Khans will play a gay man like Mammootty, says Vidya Balan