‘സുരക്ഷിതരായിരിക്കൂ, എല്ലാം ശരിയാകട്ടേ..’: ഗൾഫ് ജനതയ്ക്ക് പിന്തുണ അറിയിച്ച് മമ്മൂട്ടി

മഴക്കെടുതികൾ അനുഭവിക്കുന്ന ഗൾഫ് ജനതയ്ക്ക് ആശ്വാസം പകർന്ന് മമ്മൂട്ടി. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് മഴ വിതച്ച ദുരിതങ്ങളിൽപ്പെട്ട ജനങ്ങൾക്കുള്ള തന്റെ പിന്തുണയും പ്രാർഥനയും മമ്മൂട്ടി പങ്കുവെച്ചത്.‌

‘‘ഗൾഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തിൽ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകൾ മനസിലാക്കുന്നു.പരമാവധി സുരക്ഷിതരായിരിക്കുക.എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ...’’ എന്നായിരുന്നു മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. പ്രയാസം അനുഭവിക്കുന്ന അവസരത്തിൽ തങ്ങളെ ഓർമിച്ചതിനും പിന്തുണ അറിയിച്ചതിനുമുള്ള സ്നേഹവും നന്ദിയും അറിയിച്ചാണ് പ്രവാസികൾ മമ്മൂട്ടിയുടെ കുറിപ്പിനോട് പ്രതികരിച്ചത്. മമ്മൂക്ക സ്വന്തം സഹോദരനെപ്പോലെയാണെന്നും യഥാർഥ മനുഷ്യസ്നേഹി എന്നും ഒട്ടേറെപ്പേർ പ്രതികരിച്ചു.‌‌‌

അതിനിടെ മഴയ്ക്ക് ശമനം വന്നതോ‌ടെ യുഎഇയിൽ ജനജീവിതം സാധാരണനിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. റോഡുകളിലെ വെള്ളക്കെട്ടുകൾ നീങ്ങി. ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനവും സാധാരണനിലയിലേക്ക് ആയിക്കൊണ്ടിരിക്കുകയാണ്. 75 വർഷത്തിനിടെയിലെ ശക്തമായ മഴയാണ് ഗൾഫ് നാടുകളിൽ ഉണ്ടായത്.

Mammootty's Facebook Post expressing support for the Gulf people who are suffering from rains