മാലിക്കിനൊപ്പം ഹിറ്റായി കവാലി സംഗീതവും; മധുരസ്വരത്തിനു പിന്നിൽ നാലാം ക്ലാസുകാരി ഹിദ

ഫഹദ് ഫാസിൽ ചിത്രമായ മാലിക്ക് കണ്ടവരൊന്നും അവസാനഭാഗത്തെ കവാലി സംഗീതം മറക്കാനിടയില്ല. . സിനിമ ഹിറ്റായതിനൊപ്പം പാട്ടും സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. മലപ്പുറം ചോക്കാടു സ്വദേശിയായ നാലാം ക്ലാസുകാരി ഹിദയാണ്  മനോഹരമായി ആ വരികൾ പാടിയത്.ഹിദയും കുടുംബവും സ്വപ്നത്തിൽ പോലും കരുതിയില്ല മാസങ്ങൾക്ക് മുന്‍പ് പാടിയ വരികൾ സിനിമയിലെത്തുമെന്നോ വൈറലാകുമെന്നതോ.... 

ഗായികയായ സഹോദരി റിഫമോളുടെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിനായി സംഗീത സംവിധായകൻ ഹനീഫ മുടിക്കോടിനടുത്തേക്ക് സഹോദരിക്ക് കൂട്ടു പോയതായിരുന്നു ഹിദ. അന്ന് ഹിദയേക്കൊണ്ടു നാലുവരിപാടിച്ച് റെക്കോർഡ് ചെയ്തിരുന്നു. മാസങ്ങൾക്കിപ്പുറം അത് സിനിമയിൽ വന്നതിൻ്റെ ഞെട്ടലിലാണ് ഹിദ.

ചോക്കാട് മമ്പാട്ടു മൂലയിലെ കെ.ടി. സക്കീർ - റുക്സാന ദമ്പതികളുടെ മൂന്നു പെൺമക്കളിൽ ഇളയവളാണ് ഹിദ. നിർധന കുടുംബമായതിനാൽ സംഗീതരംഗത്ത് ശാസ്ത്രീയമായ പഠനമോ പരിശീലനമോ ഹിദയ്ക്ക് ലഭിച്ചിട്ടില്ല. മമ്പാട്ടു മൂല ഗവ: എൽപി സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർഥിനിയാണ്. സ്കൂളിലെ അധ്യാപിക ദീപികടീച്ചര്‍ ഹിദയുടെ സ്വരമാധുര്യം തിരിച്ചറിഞ്ഞ് പരിശീലനം നൽകിയതാണ് ഈ കൊച്ചു മിടുക്കിക്ക് പ്രോല്‍സാഹനമായത്. മകളുടെ നേട്ടം കുടുംബത്തിനും അപ്രതീക്ഷിതമായി. ഓണത്തിന് റിലീസിലാകാനിരിക്കുന്ന നാദിർഷ സംവിധാനം ചെയ്ത ചിത്രത്തിലും ഹിദയുടെ പാട്ടുണ്ട്.