‘ആശാനെ തൊട്ടാൽ ശിഷ്യന് നോവും’; പിഷാരടി സലീമിന്റെ ‘മായാവി’; സൗഹൃദട്രോൾ

‘ആശാനെ തൊട്ടാൽ ആത്മാർഥതയുള്ള ഏതു ശിഷ്യനും നോവും.. സലീം ആശാനേ.. നിങ്ങൾക്ക് കിട്ടിയ ആത്മാർഥതയുള്ള ശിഷ്യൻ തന്നെയാണ് രമേഷ് പരിഷാരടി..’ ഐഎഫ്എഫ്കെയിൽ നിന്നും കോൺഗ്രസുകാരനായത് കൊണ്ട് ഒഴിവാക്കി എന്ന് തുറന്നടിച്ച് സലീംകുമാർ രംഗത്തുവന്നതിന് പിന്നാലെ രമേഷ് പിഷാരടിയും കോൺഗ്രസിൽ ചേരുന്ന വാര്‍ത്ത വന്നതോടെയാണ് രസികന്‍ ട്രോളുകള്‍. സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ പലവിധമാണ്. സലീംകുമാറും രമേഷ് പിഷാരടിയും തമ്മിലുള്ള ഗുരു–ശിഷ്യ ബന്ധം ചൂണ്ടിക്കാണിച്ചാണ് രസകരമായ ട്രോളുകൾ നിറയുന്നു. 

പ്രായത്തിന്റെ പേരിലാണ് ചടങ്ങിൽ നിന്നും സലീംകുമാറിനെ ഒഴിവാക്കിയതെങ്കിൽ മുൻനിരയിൽ നിൽക്കുന്ന കമലിന് എത്രയാണ് പ്രായമെന്ന് ട്രോളൻമാർ ചോദിക്കുന്നു. ഇത്തരത്തിൽ സലീംകുമാറിനെ തുണച്ച് ട്രോളുകൾ നിറയുന്നതിനിടെയാണ് പിഷാരടിയുടെ വരവ്.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാട്ടെ വേദിയിൽ രമേഷ് പിഷാരടിയുമെത്തും. കോണ്‍ഗ്രസ് യുവനേതാക്കളുടെ ഇടപെടലിനെ തുടർന്നാണു തീരുമാനം. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി പിഷാരടി ചര്‍ച്ച  നടത്തി. നടൻ ധർമജൻ ബോൾഗാട്ടി കോൺഗ്രസിനായി തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾക്കു പിന്നാലെയാണു രമേഷ് പിഷാരടിയുടെ പാര്‍ട്ടി പ്രവേശനം. കോൺഗ്രസ് ആവശ്യപ്പെട്ടാൽ മത്സരിക്കാന്‍ തയാറെന്ന് ധർമജൻ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ധര്‍മജന്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസ് പ്രവര്‍‌ത്തകനാണ്.