മഴ, ക്ലാര, സൗഹൃദം; ഓര്‍മകളിലെ മുറിവ്: പൃഥ്വി സച്ചിക്ക് അയച്ച മെസേജ്

സ്നേഹത്തിന്റെ ഹൃദയചിഹ്നം പങ്കുവച്ച് പൃഥ്വിരാജ് പങ്കുവച്ച ഒരു സ്ക്രീൻഷോട്ട് ഒരായിരം കാര്യങ്ങൾ പറയാതെ പറയുകയാണ്. അന്തരിച്ച സംവിധായകൻ സച്ചിക്ക് മുൻപ്  അയച്ച സന്ദേശമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. തൂവാനത്തുമ്പിയിലെ ക്ലാരയുടെ സംഭാഷണമാണ് പൃഥ്വി അയച്ചിരിക്കുന്നത്. ‘എനിക്കാ ഭ്രാന്തന്റെ കാലിലെ മുറിവാകാൻ കൊതിയാകുവാ.. ചങ്ങലയുടെ ഒരൊറ്റക്കണ്ണിയുമായി മാത്രം ബന്ധമുള്ള ഉണങ്ങാത്ത മുറിവ്..’ ഈ വാചകം ഉള്‍പ്പെട്ട ഒരു കാര്‍ഡാണ് പൃഥ്വി സച്ചിക്ക് അന്ന് അയച്ചത്. ഇതിന് സച്ചി തിരികെ സന്ദേശം അയക്കുകയും ചെയ്തിട്ടുണ്ട്. 

മഴ പെയ്യുമ്പോഴെല്ലാം മലയാളിയുടെ വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലും നിറയുന്ന ക്ലാരയും ജയകൃഷ്ണനും പത്മരാജനുമെല്ലാം, മഴയ്ക്കും  അതിനപ്പുറവും സച്ചിയും പൃഥ്വിയിലും നിറഞ്ഞിരുന്നു എന്ന് ഈ സ്ക്രീൻഷോട്ട് ഓർമിപ്പിക്കുകയാണ്. കഴിഞ്ഞ മാസമായിരുന്നു സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി വിടവാങ്ങിയത്.