'ലൂസിഫറാ'യി ചിരഞ്ജീവി; ഗോ‍ഡ്ഫാദർ‌ ടീസർ പുറത്ത്; ഒപ്പം സൽമാൻ ഖാനും

പൃഥ്വിരാജ്– മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ സൂപ്പർഹിറ്റ് സിനിമ  'ലൂസിഫറി'ന്റെ തെലുങ്ക് റീമേക്ക് 'ഗോഡ് ഫാദറി'ന്റെ ടീസര്‍ പുറത്ത്.  മെഗാസ്റ്റാര്‍ ചിരഞ്ജീവിക്കൊപ്പം സല്‍മാന്‍ ഖാനും നയന്‍താരയും ടീസറിലുണ്ട്. ആക്ഷന് പ്രാധാന്യം നൽകിയുള്ള ടീസറാണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. ചിരഞ്ജീവിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. 

മോഹന്‍രാജയാണ് ഗോഡ്ഫാദര്‍ സംവിധാനം ചെയ്യുന്നത്. മലയാള ചിത്രത്തില്‍ മഞ്ജു വാര്യര്‍ ചെയ്ത കഥാപാത്രം തെലുങ്കില്‍ അവതരിപ്പിക്കുന്നത് നയന്‍താരയാണ്. ലൂസിഫറില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തിന്റെ റോളില്‍ സല്‍മാന്‍ ഖാനും ചിത്രത്തില്‍ ഉണ്ട്. കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ അഞ്ചിന് ചിത്രം തിയേറ്ററുകളില്‍ എത്തും.

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ 'ലൂസിഫര്‍' മലയാളത്തിലും തമിഴിലുമാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു.