എന്തുകൊണ്ട് ഇത്രനാൾ അഭിമുഖങ്ങൾ നൽകിയില്ല; കാരണം പറഞ്ഞ് ദുൽഖർ; വിഡിയോ

വരനെ ആവശ്യമുണ്ട് എന്ന ചിത്രവുമായി ബന്ധപ്പെട്ട് സംവിധായകൻ അനൂപ് സത്യനുമായി തർക്കിച്ചിട്ടുണ്ട് എന്ന വാർത്തകൾ ശരിവെച്ച് നടൻ ദുൽഖർ സൽമാന്‍. നിർമാതാവും സംവിധായകനും തമ്മില്‍ സ്വാഭാവികമായി നടക്കുന്ന തര്‍ക്കങ്ങളാണ് നടന്നത്. വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ദുൽഖർ പറഞ്ഞു. അനൂപ് സത്യനും കല്യാണി പ്രിയദർശനുമൊപ്പം മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ദുൽഖറിന്റെ പരാമർശം. 

ദുൽഖറിന്റെ വാക്കുകൾ: സിനിമയുടെ ചിത്രീകരണമെല്ലാം പൂർത്തിയായി. ഷൂട്ടിങ്ങിന് ശേഷം ഞാൻ നിർമാതാവ് ആണ്. റിലീസ് തിയതിയെല്ലാം നിശ്ചയിച്ചു. അനൂപ് എഡിറ്റിങ് തിരക്കിലാണ്. ചിത്രത്തിന്റെ മാർക്കറ്റിങ് ആവശ്യത്തിന് ട്രെയിലറും ഗാനങ്ങളും എല്ലാം ആവശ്യമുണ്ട്. ഇതെല്ലാം ഒരുമിച്ച് നോക്കാൻ അവന് ബുദ്ധിമുട്ടാണ്. പക്ഷേ നിര്‍മാതാവ് എന്ന നിലയിൽ നമുക്ക് നമ്മുടെ ആവശ്യങ്ങളുണ്ട്, അനൂപിന് അവന്റെ ജോലികളുമുണ്ട്. ഇതൊന്നും കലയെ ബാധിക്കരുത്. അങ്ങനെ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. അതല്ലാതെ മറ്റ് വലിയ പ്രശ്നങ്ങളൊന്നുമില്ല. 

പ്രശ്നത്തിൽ ദുൽഖറിന്റെ ഉമ്മ വരെ ഇടപെട്ടെന്ന് കേട്ടല്ലോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: അത് ഞാൻ തന്നെ പറഞ്ഞതാണ്. അനൂപ് എന്നല്ല, ഏതൊരു സുഹൃത്തുമായും ഫോണിലൂടെ തർക്കമുണ്ടായാൽ ഉമ്മ അതുപോലെ പ്രതികരിക്കും. അതൊരു സ്വാഭാവിക തർക്കമായിരുന്നു. സംവിധായകനും നിർമാതാവും തമ്മിലുള്ളത്''- ദുൽഖർ പറഞ്ഞു. 

മാധ്യമങ്ങളെ ഭയമായതുകൊണ്ടാണ് അഭിമുഖങ്ങൾ നൽകാതിരുന്നതെന്നും ദുൽഖർ പറഞ്ഞു. 'എപ്പോഴും മാതാപിതാക്കളുടെ കാര്യങ്ങളെക്കുറിച്ചാണ് അന്നൊക്കെ എല്ലാവർക്കും അറിയേണ്ടിയിരുന്നത്. പുതുതായി ഒന്നും ചോദിക്കാനില്ല. തുടക്കകാലത്ത് പ്രത്യേകിച്ചു. അന്നേ ഞാൻ തീരുമാനിച്ചിരുന്നു, കുറച്ച് സിനിമകൾ ചെയ്തതിന് ശേഷം മാത്രം സംസാരിക്കുന്നതാണ് നല്ലത്. അതല്ലാതെ വെറുതെ എന്തെങ്കിലും കാര്യങ്ങളിൽ അഭിപ്രായം പറയാനോ എന്റെ പക്വതക്കപ്പുറമുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനോ താത്പര്യമില്ലായിരുന്നു'- ദുൽഖർ പറഞ്ഞു.