ഹാഷ്ടാഗുകളും കുറിപ്പുകളും ഭയപ്പെടുത്തുന്നു’; വാളയാറിൽ രോഷത്തോടെ പൃഥ്വിരാജ്: കുറിപ്പ്

വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ടതിൽ സോഷ്യൽ മീഡിയയിൽ വലിയ തരത്തിലുള്ള പ്രതിഷേധം ഉയരുകയാണ്. സഹോദരിമാരായ രണ്ട് പെൺകുട്ടികൾ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സുഖമായി പ്രതികൾ രക്ഷപെട്ടത് പൊതു സമൂഹത്തിനുണ്ടായി വലിയ ആഘാതമായിരിക്കുന്നുവെന്നാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങളിൽ വ്യക്തമാകുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് സിനിമാതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. 

ഇപ്പോൾ സംഭവത്തിൽ പ്രതികരിച്ച് നടൻ‌ പൃഥ്വിരാജ് പങ്കുവച്ച് കുറിപ്പാണ് ശ്രദ്ധേയം. ഇവിടെ ഒരു സിസ്റ്റം പ്രവര്‍ത്തിക്കാന്‍ സോഷ്യല്‍ മീഡിയയിലെ ജനക്കൂട്ടം ശരിക്കും ആവശ്യമുണ്ടോ എന്നും നമ്മള്‍ അങ്ങനെ ഒരവസ്ഥയില്‍ എത്തിയോ എന്നും പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിക്കുന്നു. ഒരു ജനത അവരുടെ ഘടന നിലനിര്‍ത്തുന്ന ഭരണവ്യവസ്ഥയില്‍ പ്രതീക്ഷ കൈവിടുമ്പോള്‍ വിപ്ലവം ഉണ്ടാകുമെന്നും, ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അത് സംഭവിക്കുമെന്നും പൃഥ്വിരാജ് പറയുന്നു.

പൃഥ്വിരാജിന്റെ കുറിപ്പിന്റെ പൂർണരൂപം: 

ആ സമയം വീണ്ടും എത്തിയിരിക്കുന്നു!  കുറച്ച് ഫോളോവേർസ് ഉള്ളവർ (ഞാൻ ഉൾപ്പടെ) വൈകാരികമായ വാക്കുകളാൽ സോഷ്യൽ മീഡിയയിൽ  കുറിപ്പ് എഴുതുന്ന സമയം. ആ രണ്ട് പെൺകുട്ടികൾക്കും അവരുടെ കുടുംബത്തിനും എങ്ങനെ നീതി നിഷേധിക്കപ്പെട്ടെന്നും സമൂഹമെന്ന നിലയിൽ നാം അർഹിക്കുന്ന നീതിയെക്കുറിച്ചും ഹാഷ്ടാഗ് കൊണ്ട് എങ്ങനെ പ്രതിഷേധത്തിന് ആക്കം കൂട്ടാം എന്നൊക്കെ പറയുന്ന കുറിപ്പ്.

എന്നാൽ ഈ സാഹചര്യത്തേക്കാൾ ഏറെ ഭയപ്പെടുത്തുന്നത് ഈ കുറിപ്പുകളിൽ കാണുന്ന ഏകതാന സ്വഭാവവമാണ്. ഒരു പാറ്റേൺ. കുറിപ്പ് എങ്ങനെ ആരംഭിക്കാമെന്നും പൊരുത്തക്കേട് എങ്ങനെ അവതരിപ്പിക്കാമെന്നും പ്രശ്ന പരിഹാരത്തിന് ആഹ്വാനം ചെയ്ത് അത് എങ്ങനെ അവസാനിപ്പിക്കണമെന്നും  നിങ്ങൾക്കറിയാം. നിങ്ങൾ അതിൽ വിദഗ്ദ്ധനാണ്. നിങ്ങൾ അങ്ങനെ ആയി തീർന്നിരിക്കുന്നു.

“അവർ നീതിക്ക് അർഹരാണ്”. “വാളയാർ പെൺകുട്ടികൾക്കു നീതി വേണം”. “പീഡകരെ ശിക്ഷിക്കുക”.

ശരിക്കും? ഇതൊക്കെ പറയേണ്ട കാര്യം തന്നെ ഉണ്ടോ? ഇവിടെ ഒരു സിസ്റ്റം പ്രവർത്തിക്കാൻ സോഷ്യൽ മീഡിയയിലെ ജനക്കൂട്ടം ശരിക്കും ആവശ്യമുണ്ടോ? നമ്മൾ അങ്ങനെ ഒരവസ്ഥയിൽ എത്തിയോ? 

അപകടകരമായ വിധത്തിൽ നമ്മൾ സ്വയം കീഴടങ്ങാൻ തയ്യാറായി കഴിഞ്ഞിരിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്.. ഒരു ജനത അവരുടെ ഘടന നിലനിർത്തുന്ന ഭരണവ്യവസ്ഥയിൽ പ്രതീക്ഷ കൈവിടുമ്പോള്‍, എല്ലായ്പ്പോഴും വിപ്ലവം ഉണ്ടാകും. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ.