ചെയ്യാൻ പോകുന്ന പാപത്തിനു കുമ്പസാരിക്കാൻ പറ്റില്ലല്ലോ? നെഞ്ചിടിപ്പേറ്റി ലൂസിഫർ:വിഡിയോ

മോഹൻലാൽ നായകൻ, പൃഥ്വിരാജ് സംവിധായകൻ, തിരക്കഥ മുരളി ഗോപി. കേൾക്കുമ്പോൾ തന്നെ അതഭുതം തീർക്കുന്ന സ്വപ്ന കൂട്ടുകെട്ട് യാഥാർത്ഥ്യമാകുകയാണ്. ലൂസിഫറിന്റെ ടീസർ മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തു വന്നു. സ്റ്റീഫൻ നെടുംപളളി എന്ന മോഹൻലാലിന്റെ കഥാപാത്തിന്റെ ചെയ്ത പാപങ്ങളല്ലേ ഫാദർ കുമ്പസാരിക്കാൻ പറ്റൂ... ചെയ്യാത്ത പാപങ്ങൾ കുമ്പസാരിക്കാൻ പറ്റുല്ലല്ലോ എന്ന ഡയലോഗാണ് ടീസറിന്റെ ജീവൻ. ഇതിനകം തന്നെ ടീസർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

അടുത്ത വർഷം മാർച്ചിൽ റിലീസ് ചെയ്യുന്ന ഒരു ചിത്രത്തിന്റെ ടീസർ ഇപ്പോഴെ പുറത്തിറക്കുന്നത് ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇന്ന് ഡിസംബർ 13 എന്ന തീയതിയുടെ പ്രത്യേകത തന്നെയാണ് അണിയറക്കാരെക്കൊണ്ട് ഇത്തരത്തിൽ ഒരു തീരുമാനം എടുപ്പിച്ചതെന്നാണ് വിവരം. ലൂസിഫർ എന്ന പേര് പരാമർശിച്ചിരിക്കുന്ന വിശുദ്ധ ഗ്രന്ഥമായ ബൈബിളിലെ വെളിപാട് എന്ന ഭാഗത്തിന്റെ 13–ാം അധ്യായത്തിലെ 18–ാം വാക്യംഇങ്ങനെയാണ്.‘ഉൾക്കാഴ്‌ചയുള്ളവൻ കാട്ടുമൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടിയെടുക്കട്ടെ. അത്‌ ഒരു മനുഷ്യന്റെ സംഖ്യയാണ്‌. 666 ആണ്‌ അതിന്റെ സംഖ്യ. ജ്ഞാനമുള്ളവർക്കു മാത്രമേ അതു മനസ്സിലാകൂ.’  

ഇൗ വാക്യത്തിൽ പരാമർശിച്ചിരിക്കുന്ന 666 എന്ന സംഖ്യ പൊതുവെ സാത്താന്റെ അല്ലെങ്കിൽ ചെകുത്താന്റെ സംഖ്യയായാണ് കരുതപ്പെടുന്നത്. ലൂസിഫറിൽ മോഹൻലാലിന്റെ കഥാപാത്രം ഉപയോഗിച്ചിരിക്കുന്ന കറുത്ത നിറമുള്ള അംബാസിഡർ കാറിന്റെ നമ്പർ KLT 666 ആണ്. ടീസർ റിലീസ് അറിയിച്ച പോസ്റ്ററിലും ഇൗ കാറാണ് പ്രധാന ചിത്രമായി കൊടുത്തിരിക്കുന്നത്. അങ്ങനെ നോക്കിയാൽ ഇൗ നമ്പറും അതിന്റെ പ്രത്യേകതയും ബൈബിളിലെ വാക്യവും ഒക്കെ പരസ്പരപൂരകമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ സാധ്യതയും അവർ പരിഗണിച്ചിരിക്കാമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമായിരുന്നു. എന്തൊക്കെയായാലും സ്റ്റീഫൻ നെടുംപളളി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. 

വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽപെടുന്ന സിനിമയാണ് ലൂസിഫർ. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലൻ. ഇന്ദ്രജിത്ത്, ടൊവിനോ, ഫാസിൽ, മംമ്ത, ജോൺ വിജയ് എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത്  വാസുദേവ്. സംഗീതം ദീപക് ദേവ്. മാർച്ച് 28ന് ചിത്രം തിയറ്ററുകളിലെത്തും.