'കറുപ്പ്' പറയുന്ന കഥയുമായി വിദ്യാർത്ഥികൾ

കറുപ്പിനോടുള്ള പൊതുസമൂഹത്തിന്റെ മനോഭാവം തുറന്ന് കാണിക്കാൻ സിനിമ നിർമിച്ച് കുട്ടികൾ. കണ്ണൂർ വേങ്ങാട് ഇ.കെ.നായനാർ സ്മാരക ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്.വിദ്യാർഥികളാണ് സിനിമ നിർമിക്കുന്നത്. കുറുപ്പെന്ന് പേരിട്ടിരിക്കുന്ന സിനിമ സംസ്ഥാന ചലച്ചിത്രപുരസ്കാര ജേതാവ് ടി.ദീപേഷാണ് സംവിധാനം ചെയ്യുന്നത്. 

കറുപ്പിനെ അംഗീകരിക്കാനുള്ള വെളളുപ്പിന്റെ മടി. ഇതാണ് സിനിമയുടെ ഇതിവൃത്തം. ആറളം ഫാം സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി നന്ദൻ ചന്ദ്രനാണ് നായകൻ. പുലിമുരുകനും ബാഹുബലിയും മാത്രമാണ് യഥാർഥ ജീവിതത്തിൽ നന്ദൻ തീയറ്ററിൽപോയി കണ്ടിട്ടുള്ളത്. കണ്ണൂർ ടൗൺ ആദ്യമായി കണ്ടതും സിനിമയുടെ ചിത്രീകരണത്തിനായി എത്തിയപ്പോഴാണ്. നന്ദനെ പോലുള്ള കുട്ടികൾ സമൂഹത്തിൽ നേരിടുന്ന വെല്ലുവിളിയാണ് സിനിമ ചർച്ച ചെയ്യുന്നത്. മൂപ്പത്തിയൊന്ന് കുട്ടികൾ നന്ദനൊപ്പം അഭിനയിക്കുന്നു. എൻഎസ്എസ് വിദ്യാർഥികളാണ് ചിലവിനാവശ്യമായ പണം ശേഖരിക്കുന്നത്. അഭിനയിക്കാൻ കുട്ടികൾക്ക് പരിശീലനവും നൽകുന്നുണ്ട്. ജനുവരിൽ ചിത്രീകരണം പൂർത്തിയാകും.