പാർക്കറിന് പിന്നാലെ സർഫിങ്; സാഹസികപരീക്ഷണം; രണ്ടുംകൽപ്പിച്ച് പ്രണവ്

മലയാളസിനിമയിൽ മറ്റൊരു അപൂർവ്വ പരീക്ഷണവുമായി നടൻ പ്രണവ് മോഹൻലാൽ. പാർക്കറിന് പിന്നാലെ സർഫിങ്ങ് പരിശീലനത്തിരക്കിലാണ് താരം.

അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സർഫർ ആയാണ് പ്രണവ് എത്തുന്നത്. ജിംനാസ്റ്റിക്സുൾപ്പെടെ പല സാഹസികയിനങ്ങളും പരിശീലിച്ചിട്ടുള്ള പ്രണവിന് സർഫിങ് എളുപ്പമായിരിക്കുമെന്നാണ് അരുൺ ഗോപി പറയുന്നത്. 

ഇന്തോനേഷ്യയിലെ ബാലിയിൽ ഒരുമാസം നീളുന്ന സർഫിങ് പരിശീലനത്തിലാണ് പ്രണവ്. 

ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണിലാകും സർഫിങ് രംഗങ്ങൾ ചിത്രികരിക്കുക. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. കേരളത്തിൽ പാല, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലും ചിത്രീകരണമുണ്ടാകും. 

പ്രണവിന്റെ കഠിനാധ്വാനത്തെക്കുറിച്ച് അരുൺ ഗോപി പറയുന്നതിങ്ങനെ; ''പ്രണവിനെപ്പോലൊരു നടനൊപ്പം ജോലി ചെയ്യാൻ വളരെ എളുപ്പമാണ്. കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകാൻ പ്രണവ് തയ്യാറാണ്, അതൊരുപക്ഷേ സംവിധായകന്റെ പ്രതീക്ഷക്കുമപ്പുറമാകും. ''

യാത്രയും പ്രണയവുമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പ്രമേയം. കലാഭവൻ ഷാജോൺ, മനോജ് കെ ജയൻ, ധർമജൻ ബോൾഗാട്ടി എന്നിവർ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും.