'ഹൃദയം' സിനിമ ഹൃദയത്തിലേറ്റിയ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് പ്രണവ് മോഹൻലാൽ. ചിത്രത്തിന് വളരെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പ്രണവിന് വഴിത്തിരിവാകുന്ന സിനിമയെന്നാണ് പ്രകടനത്തെ വാഴ്ത്തി ആരാധകർ പറയുന്നത്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിനത്തിലുള്ള ചിത്രം ഇന്നലെയാണ് തിയറ്ററുകളിൽ പ്രദര്‍ശനത്തിനെത്തിയത്. 

'നിറഞ്ഞ പ്രതികരണത്തിനും സ്നേഹത്തിനും എല്ലാവർക്കും നന്ദി. അനുഗ്രഹീതനായി തോന്നുന്നു'. പ്രണവ് ഇപ്പോൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്. ഒപ്പം ഉള്ള ചിത്രമാണ് ശ്രദ്ധ നേടുന്നത്. വിനീതും പ്രണവും കൂടിയുള്ള ചിത്രമാണിത്. നാടോടിക്കാറ്റ് സിനിമയിൽ ദുബായ് ആണെന്ന് പറഞ്ഞ് ഗഫൂർക്ക ദാസനെയും വിജയനെയും ഇറക്കിവിട്ട ചെന്നൈ കടപ്പുറത്ത് നിന്നുള്ള ഫോട്ടോയാണിത്. ഇതേ ചിത്രം വിനീതും ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. പ്രത്യേകിച്ച് തലക്കെട്ട് വേണ്ട എന്ന് പറഞ്ഞാണ് വിനീത് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.