ആട് 2 ഫേസ്ബുക്കിലിട്ടാൽ അക്കൗണ്ട് ഡി ആക്ടിവേറ്റാകും, മുന്നറിയിപ്പുമായി ജയസൂര്യ

പുതിയ സിനിമകൾ മുഴുവനായി പകർത്തി ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുന്ന പ്രവണത കൂടിവരികയാണ്. മികച്ച ക്വാളിറ്റിയിലാണ് പലരും ഇത് പോസ്റ്റ് ചെയ്യുന്നത്. എന്നാൽ അടുത്തിടെ റിലീസായ ക്രിസ്മസ് ചിത്രം ആട് 2 ഫേസ്ബുക്കിലിട്ടാൽ പണി പാളുമെന്നു ജയസൂര്യയും വിജയ് ബാബുവും മുന്നറിയിപ്പ് നൽകുന്നു. പ്രേഷകർക്ക് നന്ദി പറയാൻ ഫേസ്ബുക്ക് ലൈവിൽ എത്തിയപ്പോഴായിരുന്നു ഇരുവരുടേയും മുന്നറിയിപ്പ്. 

ആട് 2 ന്റെ ഒരു സെക്കൻഡെങ്കിലും ഫേസ്ബുക്കിലിട്ടാൽ അത് ചെയ്യുന്നവരുടെ അക്കൗണ്ട് ഡീ ആക്ടിവേറ്റാകും. തങ്ങളുടെ പേജ് ഡീ ആക്ടിവേറ്റായി എന്നും പറഞ്ഞ് അൻപതോളം കോളുകളാണ് തനിക്കു ഇതുവരെ വന്നത്. അബദ്ധം പറ്റിയതാണ്. ഞങ്ങൾ ഒരു സീൻ മാത്രമാണ് പോസ്റ്റ് ചെയ്തതെന്നും വിളിക്കുന്നവർ പറയുന്നു.ഒരു സീനല്ല, ഒരു സെക്കൻഡ് വിഡിയോ ആയാൽ പോലും പേജ് ഡീ ആക്ടിവേറ്റാകും. ഇതൊന്നും ഞങ്ങളുടെ നിയന്ത്രണത്തിലല്ല. 

സിനിമയോടു സ്നേഹമുള്ളവർ ഒരിക്കലും ചിത്രത്തിന്റെ വിഡിയോ ഫേസ്ബുക്കിലിടരുത്. ഇക്കാര്യം നിങ്ങളുടെ സുഹൃത്തുക്കളോടു പറയണം. ഞങ്ങൾ ഔദ്യോഗികമായി ചെയ്യുന്ന ടീസറുകളും വിഡിയോകളും നിങ്ങൾക്കും ഷെയർ ചെയ്യാം-വിജയ് ബാബുവും ജയസൂര്യയും ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.