ചലച്ചിത്രമേളയ്ക്ക് എന്റെ ചങ്ങായിയെ വേണ്ടെങ്കില്‍ എനിക്കും വേണ്ട: ജോയ് മാത്യു

സുരഭിയെ വേണ്ടാത്ത ചലച്ചിത്രമേള തനിക്കും വേണ്ടെന്ന് ജോയ് മാത്യു. ഐഎഫ്എഫ്കെയിൽ ക്ഷണിച്ചിട്ടില്ലെന്ന് സുരഭി പറഞ്ഞതിനു പിന്നാലെയാണ് ജോയി മാത്യുവിന്റെ പ്രതികരണം. ഫേസ് ബുക്കിലൂടെയായിരുന്നു ജോയി മാത്യുവിന്റെ പ്രതികരണം. ദേശീയ അവാർഡ് നേടിയ എന്റെ ചങ്ങായിയും മികച്ച കലാകാരിയുമായ സുരഭിയെ വേണ്ടാത്ത ഐഎഫ്എഫ്കെ തനിക്കും വേണ്ടെന്നാണ് ജോയി മാത്യു പറഞ്ഞത്.

ഐഎഫ്എഫ്കെയിൽ ക്ഷണിച്ചിട്ടില്ലെന്ന സുരഭിയുടെ പ്രതികരണം അറിവില്ലായ്മ കൊണ്ടായിരിക്കുമെന്ന് ചലചിത്ര അക്കാദമി ചെയർമാൻ കമൽ പ്രതികരിച്ചിരുന്നു. ഐഎഫ് എഫ് കെ വേദികളിൽ ദേശീയ ആവാർഡ് ജേതാക്കളെ ആദരിക്കാറില്ലെന്നും സുരഭിയെ മാത്രമായി ക്ഷണിക്കാനാവില്ലെന്നും കമൽ പറയുന്നു. മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചതുകൊണ്ട് വേദിയിൽ സിനിമ പ്രദർശിപ്പിക്കാനാവില്ലെന്നും കമൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഡെലിഗേറ്റ് പാസ് ഓണ്‍ലൈനില്‍ എടുക്കാന്‍ കഴിയാതിരുന്ന താൻ കമലിനെ വിളിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്നായിരുന്നു സുരഭി പറഞ്ഞത്. 

ഐഎഫ്എഫ്കെയിൽ മിന്നാമിനുങ്ങ് പ്രദർശിപ്പിക്കാതിരുന്നതിനാൽ പ്രത്യേക പ്രദർശനം ഒരുക്കിയിട്ടുണ്ട്. ഡിസംബർ 12 ന് ടാഗോർ തീയറ്ററിനു സമീപമുള്ള ലെനിൻ ബാലവാടിയിലാണ് പ്രദർശനം. സുരഭി ഫേസ്ബുക്ക് വഴി അറിയിച്ചതാണിക്കാര്യം.