എം.ജി മോട്ടോഴ്സിനൊപ്പം ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിലേക്ക് ചുവടുവച്ച് ജെ.എസ്.ഡബ്ള്യൂ

ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിലേക്ക് എം.ജി മോട്ടോഴ്സിനൊപ്പം ചുവടുവച്ച് ജെ.എസ്.ഡബ്ള്യൂ ഗ്രൂപ്പ്. ഇരുകമ്പനികളും ചേർന്ന് ജെഎസ്ഡബ്ള്യൂ എം .ജി മോട്ടോർ ഇന്ത്യ- സംയുക്ത സംരംഭം പ്രഖ്യാപിച്ചു. കമ്പനിയുടെ പുതിയ ആഡംബര ഇലക്ട്രിക് സ്പോട്സ് കാറായ സൈബർസ്റ്ററും മുംബൈയിൽ നടന്ന ചടങ്ങിൽ അവതരിപ്പിച്ചു.

എം.ജി മോട്ടോഴ്സിന്‍റെ  ഉടമസ്ഥതയിലുള്ള ചൈനയിലെ സായിക് മോട്ടോഴ്സും, മുൻനിര ഇന്ത്യൻ കമ്പനിയായ ജെഎസ്ഡബ്ല്യുവും ചേർന്നുള്ള സംയുക്ത സംരംഭം യാഥാർഥ്യമാകുകയാണ്.  ഇലക്ട്രിക് വാഹനമേഖലയിൽ പുതിയ തരംഗമാണ് പുതിയ സംരംഭം ലക്ഷ്യമിടുന്നത്. പുതിയ കമ്പനിയിൽ ഉത്പാദന ശേഷി ഇരട്ടിയോളമാക്കാനുളള പദ്ധതിയും അവതരിപ്പിച്ചു. എല്ലാ വർഷവും നാലിലധികം പുതിയ മോഡൽ കാറുകൾ വിപണിയിലിറക്കാനും പത്തു വർഷത്തിനുള്ളിൽ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലെത്തിക്കാനുമാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്.

ഗുജറാത്തിൽ ഹാലോളിൽ  5000 കോടി നിക്ഷേപത്തോടെ  രണ്ടാമത്തെ പ്ലാന്‍റും ഉടൻ പ്രവർത്തനം  ആരംഭിക്കും. വിവിധ സംസ്ഥാനങ്ങളിൽ പുതിയ ഉത്പാദന യൂണിറ്റുകൾ തുടങ്ങുന്നതും പരിഗണനയിലുണ്ട്. ഇതിന്റെ ഭാഗമായി നിലവിലെ  ഉത്പാദനശേഷി ഒരു ലക്ഷത്തിൽ നിന്ന് മൂന്നു ലക്ഷമായി ഉയർത്തുകയാണ് ലക്ഷ്യം. പ്രീമിയം ബ്രാൻഡിൽ സ്പോർട്സ് കാർ ഇന്ത്യയിലെത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സൈബർസ്റ്റർ എന്ന ആഡംബര ഇലക്ട്രിക് സ്പോർട്സ് കാർ ചടങ്ങിൽ അനാവരണം ചെയ്തു. ഒറ്റ റീച്ചാർജിൽ കൂടുതൽ ദൂരം യാത്ര ചെയ്യാവുന്ന വാഹനമാണിത്. ഇത് എപ്പോൾ വിപണിയിൽ എത്തുമെന്ന കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.