മോദി മുഖം മാത്രം നിറഞ്ഞ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്

മൂന്നാം ഘട്ട പ്രചാരണം ചൂടുപിടിക്കുമ്പോള്‍‌ മഹാരാഷ്ട്രയില്‍ മോദി മാത്രമാണ് ബിജെപിയുടെ മുഖം. ആദ്യ രണ്ടുഘട്ടത്തില്‍ പോരായ്മകള്‍ ഉണ്ടായെന്ന വിലയിരുത്തലിലാണ് മോദി ഗ്യാരണ്ടിയില്‍ മാത്രം ഊന്നിയുള്ള കളംമാറ്റത്തിലേക്ക് ബിജെപി എത്തുന്നത്. ശരദ് പവാറിന്‍റെ തട്ടകത്തില്‍ മോദി ഫാക്ടര്‍ പ്രതിഫലിക്കുമെന്നാണ് മഹായുതിയുടെ കണക്കുകൂട്ടല്‍.        

‌രണ്ട് ദിവസം കൊണ്ട് ആറ് തിരഞ്ഞെടുപ്പ് റാലികള്‍. കനത്ത വെയിലും ചൂടും കൂസാതെയുള്ള യാത്ര. മൂന്നാംഘട്ടത്തില്‍ വിധിയെഴുതുന്ന പശ്ചിമ മഹാരാഷ്ട്രയിലെ ഏതാണ്ട് എല്ലാ മണ്ഡലങ്ങളിലും മോദിയുണ്ട്. അല്ലെങ്കില്‍ സംസ്ഥാനത്തെ ബിജെപിയുടെ പ്രചാരണ മുഖം ഇപ്പോള്‍ മോദി മാത്രമാണ് എന്ന് പറയാം. ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്ക് പ്രധാനമന്ത്രി മോഹമെന്ന് പരിഹാസം. ശരദ് പവാറിന്‍റെ ശക്തികേന്ദ്രമായ പുണെയിലും സത്താറയിലും പവാറിനെതിരെ അതിശക്തമായ ഒളിയമ്പുകള്‍. മാഡയിലെ മുന്‍ എം.പിയായ പവാര്‍ കൃഷിമന്ത്രിയിരിക്കെ ഒന്നും ചെയ്തില്ലെന്ന് വിമര്‍ശനം.

മഹാവികാസ് അഘാഡി ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയെന്നാണ് വിലയിരുത്തല്‍. ഒപ്പം ഇന്ത്യാ മുന്നണി ഇക്കുറി മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന സര്‍വേകളും പുറത്തുവരുന്നുണ്ട്. പാര്‍ട്ടികളെ പിളര്‍ത്തിയത് ബിജെപിയുടെ പ്രതിച്ഛായ മോശമാക്കിയെന്നും സഹതാപത്തിന്‍റെ ആനുകൂല്യം ഉദ്ധവിനും ശരദ് പവാറിനും ലഭിക്കുമെന്നുമാണ് സര്‍വേകളിലെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് മോദിയെ മാത്രം കേന്ദ്രീകരിച്ചുള്ള പ്രചാരണതന്ത്രം പാര്‍ട്ടി പയറ്റുന്നത്. പരാജയ ഭീതിയാണ് ബിജെപിക്കെന്ന് കോണ്‍ഗ്രസ് സഖ്യം ആരോപിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ സ്വീകാര്യതയാണ് മറുപക്ഷം ഉയര്‍ത്തിക്കാട്ടുന്നത്.

Enter AMP Embedded Script