പാഴ് വസ്തുക്കളിൽനിന്ന് മികച്ച ഉല്‍പ്പന്നങ്ങള്‍; ഡേക്കോപോഷ് ചിത്രരചനയ്ക്ക‌് പ്രിയമേറുന്നു

ഉപയോഗശൂന്യമായ വസ്തുക്കള്‍ മികച്ച ഉല്‍പ്പന്നങ്ങളാക്കി മാറ്റി ഡേക്കോപോഷ് ചിത്രരചനാ രീതി. പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ ഉള്‍പ്പെടെ പലതും സ്വീകരണമുറിയില്‍ അലങ്കാരത്തിന് ഉപയോഗിക്കാന്‍ പാകത്തിലാക്കാം. ഓണ്‍ലൈന്‍ വില്‍പനയിലൂടെ വീട്ടമ്മമാര്‍ക്ക് മികച്ച വരുമാനം നേടാനുള്ള അവസരവുമുണ്ട്. 

ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്നവ മനസുവച്ചാല്‍ നല്ല വിലപിടിപ്പുള്ള വസ്തുക്കളാക്കി മാറ്റാം. പാത്രം, കുപ്പി, സെറാമിക് പ്ലേറ്റുകള്‍, തുകല്‍ ചെരുപ്പുകള്‍ അങ്ങനെ പലതിലും വര്‍ണം നിറയ്ക്കാം. സ്വീകരണ മുറിയിലുള്‍പ്പെടെ സൂക്ഷിക്കാം. പ്രകൃതിക്ക് ദോഷമില്ലെന്ന് മാത്രമല്ല പലതും ആവശ്യം കഴിഞ്ഞാല്‍ എങ്ങനെ സംസ്ക്കരിക്കുമെന്ന ചിന്തയ്ക്കും ഡേക്കോപോഷ് വഴി പരിഹാരമാകും. മനോഹര ചിത്രങ്ങള്‍ പ്രിന്റ് ചെയ്തതിന് സമാനമായി പാത്രങ്ങളില്‍ ഒരുക്കിയെടുക്കുന്നതാണ് ഫ്രഞ്ച് രീതിയിലുള്ള ഈ കലാവിരുത്. 

വരച്ച് തുടങ്ങിയാല്‍ ഇഷ്ടമുള്ള സമയത്ത് തീര്‍ത്താല്‍ മതി. സ്ത്രീകളില്‍ പലരും വീട്ടിലിരുന്ന് ലളിതമായി ഇതിന്റെ പരിശീലനം നേടുന്നുണ്ട്. ഓണ്‍ലൈന്‍ വഴി വിപണിയും കണ്ടെത്തുന്നുണ്ട്. കാലപ്പഴക്കം ചെന്നാലും പ്രിന്റ് ചെയ്തവ നശിച്ചുപോകാനിടയില്ല എന്നതും പ്രത്യേകതയാണ്.