കലയിലെ രതി–രീതി സങ്കല്‍പം; പുസ്തക രചനയില്‍ ജോസഫ് റോക്കി; പുതുവഴി

ലോക്ഡൗണ്‍കാലത്തെ അടച്ചിടല്‍ അനുഗ്രഹമാക്കി മാറ്റിയ കലാകാരനെ പരിചയപ്പെടാം. ചിത്രകാരനും ശില്‍പിയുമായ ജോസഫ് റോക്കി പാലയ്ക്കലാണ് ചിത്ര–ശില്‍പ സൃഷ്ടികള്‍ക്കു പുറമെ പുസ്തകരചനയിലേക്കും വഴി തുറന്നത്. കലയിലെ രതി–രീതി സങ്കല്‍പം എന്ന വിഷയത്തിലാണ് ഗ്രന്ഥം.

വടക്കന്‍പാട്ടിലെ നായികമാരില്‍ പ്രധാനിയായ ഉണ്ണിയാര്‍ച്ച കൂത്തകാണാന്‍ പോകുകയാണ്. നിഴലും വെളിച്ചവും കുറെക്കൂടി വിശദമാക്കാനുളള ഏകാഗ്ര രചയിനാലാണ്  ജോസഫ് റോക്കി പാലയ്ക്കല്‍ എന്ന അറുപത്തിയേഴുകാരന്‍. കേരളത്തിലെ ആദ്യ സ്വകാര്യ ആര്‍ട് ഗാലറിയുടെ സ്ഥാപകനാണ് ജോസഫ് പാലയ്ക്കല്‍. 1986ല്‍ പാളയത്ത് തുടങ്ങിയ ഗാലറി 2016 ല്‍ പ്രവര്‍ത്തനം നിര്‍ത്തി. തച്ചോട്ട്കാവിലെ വീട്ടിലാണ് ഇപ്പോള്‍ പ്രവര്‍ത്തനം. രാജാരവിവര്‍മയുടെ ശൈലയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചിത്രകലയിലേയ്ക്ക് വന്ന പാലയ്ക്കലിന്റെ രചനകള്‍ റിയലസത്തിനും മേലെ സാന്ദ്രമായ തലങ്ങള്‍ കണ്ടെത്തുന്നു. സ്ത്രൈണഭാവങ്ങളുടെ നിറച്ചാര്‍ത്തുകളാണ് ഏറെയും.കോവിഡ് കാലം ഉർവശീശാപം ഉപകാരമായതുപോലെയായി കാണുകയാണ് ജോസഫ് പാലയ്ക്കല്‍.

ദാരുശില്‍പനിര്‍മാണത്തിലും സ്വന്തം ശൈലി രൂപപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം. പതിനാലടി ഉയരത്തില്‍ ഒറ്റ ഈട്ടിത്തടിയില്‍ അദ്ദേഹം തീര്‍ത്ത നടരാജ ശില്‍പം ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിനായി നാട്യശാസ്ത്രം പോലും പഠിച്ചു. ഏറ്റവും ഭാരമേറിയ കരിന്താളില്‍ ഉരുവംകൊണ്ട സ്ത്രീയാണിത്. ദേവദാരു, പീതചന്ദനം തുടങ്ങിയവയും ഉപയോഗിക്കുന്നു. കോവിഡ് കാലത്ത് കുമ്പിള്‍ത്തടയില്‍ ബാത്തേഴ്സ് സീരീസ് എന്ന പേരില്‍ ശില്‍പ്പങ്ങളൊരുക്കുകയാണ് അദ്ദേഹം. ലോകത്തെ വിവിധ സ്ത്രീകളുടെ സ്നാനശൈലികളാണ് ഈ പരമ്പരയില്‍.

തീര്‍ന്നില്ല കലയിലെ രതി–രീതി സങ്കല്‍പ്പത്തെക്കുറിച്ച് പുസ്തകരചനയ്ക്കും സമയം കണ്ടെത്തി ഈ കലാകാരന്‍. പുസ്തകം പൂര്‍ത്തിയായിക്കഴിഞ്ഞു. ലോകമെമ്പാടും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ള ജോസഫ് പാലയ്ക്കലിന്റെ ചിത്രങ്ങള്‍ രാഷ്ട്രപതിഭവന്‍, വിവിധ രാജ്ഭവനുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും സ്ഥാനം പിടിച്ചിട്ടുണ്ട്. കോവിഡ് കാലത്തെ സാധ്യകള്‍ ഒന്നൊന്നായി കണ്ടെത്തുകയാണ് കലാരംഗത്തെ ഈ ഒറ്റയാന്‍. വീടിന്റെ മുകളിലത്തെ നിലയില്‍ ഒരു ഗാലറി രൂപപ്പെടുകയാണ്. കൈവശമുള്ള ചിത്ര–ശില്‍പങ്ങള്‍ ഇവിടെ സ്ഥാനം പിടിക്കും. വരുതലമുറയ്ക്ക് വഴികാട്ടിയായി.