ടയറുകളില്‍ കൃഷിയിറക്കി പൊന്നുവിളയിച്ച് കർഷകൻ

 ഉപയോഗശൂന്യമായ ടയറുകളില്‍ കൃഷിയിറക്കി പൊന്നുവിളയിക്കുകയാണ് തൃശൂര്‍ താന്ന്യം സ്വദേശി സുരേഷ്ബാബു. മണ്ണൊഴിവാക്കി ടയറുകളിലാണ് സുരേഷ് ബാബുവിന്റെ വേറിട്ട കൃഷി രീതി. ഫ്ളാറ്റുകളിലും സ്ഥലപരിമതിയുള്ള വീടുകളിലും ഇത് പരീക്ഷിക്കാം. 

   പ്രവാസിയായിരുന്ന സുരേഷ്ബാബു വിദേശജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത് കൃഷിയിലിറങ്ങാനായിരുന്നു. വന്‍തോതില്‍ മുളക് കൃഷിയാണ് ആദ്യം തുടങ്ങിയത്. മുളക് പോലെതന്നെ കൃഷി നന്നായി എരിഞ്ഞു. മണ്ണിലെ ബാക്ടീരിയയുടെ അളവ് കൂടുതലായതിനാല്‍ മുളക് കൃഷി നശിച്ചു. പിന്നെ, മണ്ണൊഴിവാക്കി എങ്ങനെ കൃഷി ചെയ്യാമെന്നായി ചിന്ത. പഞ്ചായത്ത് കൃഷി ഓഫിസറുടെ ഉപദേശപ്രകാരമാണ് ടയറുകള്‍ വാങ്ങി അതില്‍ കൃഷി ചെയ്യാന്‍ തുടങ്ങിയത്. ചകിരിച്ചോറും മണ്ണിര കമ്പോസ്റ്റും ചാണകപ്പൊടിയും ടയറുകളില്‍ നിറയ്ക്കും. പഴയ നൈലോണ്‍ വലകളില്‍ ഇവ കൂട്ടിയുറപ്പിക്കും. പിന്നെ, ആവശ്യത്തിന് വെള്ളവും. പച്ചമുളകും വെള്ളരിയും പയറും കയ്പക്കയും തക്കാളിയും പുതിനയും സുലഭമായി ടയറുകള്‍ക്കുള്ളില്‍ വിള‍ഞ്ഞു. 

മൂന്നു ടയറുകള്‍ അടക്കിവച്ച് മാലിന്യ സംസ്ക്കരണ സംവിധാനവും വികസിപ്പിച്ചിട്ടുണ്ട്. അടുക്കള മാലിന്യത്തെ വളമാക്കുന്നതാണ് ഈ വിദ്യ. തോട്ടം സന്ദര്‍ശിക്കാനും പഠിക്കാനും ഇതിനോടകംതന്നെ നിരവധിപേരെത്തി. വൈഗ കാര്‍ഷിക പുരസ്ക്കാരം ഉള്‍പ്പെടെ നിരവധി ബഹുമതികളും സുരേഷ്ബാബുവിനെ തേടിയെത്തി.