ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ക്ക് വില കുറഞ്ഞേക്കും; ജിഎസ്ടി സ്ലാബില്‍ മാറ്റം വന്നേക്കും

ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ക്ക് വില കുറഞ്ഞേക്കും. ഇവയുടെ നികുതി 18 ശതമാനമായി കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചേക്കുമെന്ന് മണികണ്‍‌ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം 17ന് ശേഷമാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം. 

സൗന്ദര്യവര്‍ധക വസ്തുക്കള്‍, പുകവലി ഉല്‍പന്നങ്ങള്‍ ഒഴിച്ചുള്ളവയെ ചരക്കുസേവന നികുതിയുടെ പരമാവധി പരിധിയായ 28 ശതമാനം സ്ലാബില്‍ നിന്ന് മാറ്റണമെന്ന നിര്‍ദേശമാണ് ജിഎസ്ടി കൗണ്‍സിലിനുമുന്നിലുള്ളത്. എയര്‍ കണ്ടീഷണറുകള്‍, ടെലിവിഷന്‍, ഡിജിറ്റല്‍ ക്യാമറ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളെ ഈ ഉയര്‍ന്ന സ്ലാബിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സ്ലാബ് 18 ശതമാനമായി നിജപ്പെടുത്തുകയാണെങ്കില്‍ സ്വാഭാവികമായും ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടാകും. 

അടുത്തകൊല്ലം പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയിലുള്ള ജിഎസ്ടി കൗണ്‍സില്‍ അനുകൂല തീരുമാനമെടുത്തേക്കുമെന്നാണ് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളെ 18 ശതമാനം സ്ലാബിലേക്ക് മാറ്റുകയാണെങ്കില്‍ നികുതി വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നത് കൗണ്‍സിലിനെ അലട്ടുന്ന വസ്തുതയാണ്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ നാലു മാസം മാത്രമുള്ളപ്പോള്‍, നികുതി വരുമാനം ലക്ഷ്യത്തിലെത്തിയിട്ടുമില്ല. 18 ശതമാനം നികുതി സ്ലാബിലുള്ള ചില ഉല്‍പന്നങ്ങളെ അഞ്ചു ശതമാനത്തിലേക്ക് മാറ്റണമെന്ന നിര്‍ദേശവും കൗണ്‍സിലിനുമുന്നിലുണ്ട്. എന്നാല്‍ സിമന്റിനെ ഉയര്‍ന്ന സ്ലാബില്‍ നിന്ന് മാറ്റാനുള്ള സാധ്യതകള്‍ വിരളമാണ്. നികുതി വരുമാനത്തിന്റെ വലിയൊരു ഭാഗം സിമന്റില്‍ നിന്നായതിനാലാണിത്.