വ്യോമയാന സുരക്ഷായിൽ ഇന്ത്യ മോശം; എട്ട് മാനദണ്ഡങ്ങളില്‍ പാലിക്കുന്നത് മൂന്നെണ്ണം മാത്രം

വ്യോമയാന സുരക്ഷയില്‍ ഇന്ത്യയുടെ നിലവാരം അപര്യാപ്തമെന്ന് രാജ്യാന്തര വ്യോമയാന സംഘടന. അയല്‍രാജ്യമായ ബംഗ്ലാദേശ് പോലും ഇന്ത്യയേക്കാള്‍ മികച്ച സുരക്ഷ സംവിധാനങ്ങളാണ് വാഗ്ദാനം ചെയ്യുന്നതെന്ന് സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇന്‍റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ 2017 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ വ്യോമയാന സുരക്ഷാ നിലവാരം മോശമാണെന്ന് വ്യക്തമാക്കുന്നത്. എട്ട് മാനദണ്ഡങ്ങളില്‍ അഞ്ചെണ്ണവും പാലിക്കപ്പെടുന്നതില്‍ ഇന്ത്യ പരാജയമാണ്. വ്യോമയാന മേഖലയിലെ നിയമനിര്‍മാണം, സംഘടനാതലം, ലൈസന്‍സിങ്, പ്രവര്‍ത്തനം, ക്ഷമത, അപകടങ്ങളെക്കുറിച്ചുള്ള അന്വേഷണം, നാവിഗേഷന്‍ സേവനങ്ങള്‍, എയ്റോഡ്രോമുകള്‍ എന്നിവയാണ് എട്ട് മാനദണ്ഡങ്ങള്‍.

അയല്‍രാജ്യമായ ബംഗ്ലദേശ് ഏഴ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട്. ഇന്തൊനീഷ്യ എല്ലാ മാനദണ്ഡങ്ങളിലും വിജയിച്ചപ്പോള്‍ മലേഷ്യ അഞ്ചെണ്ണം പാലിക്കുന്നു. മുംബൈയില്‍ നിന്ന് ജയ്പൂരിലേക്കുള്ള ജറ്റ് എയര്‍വേയ്സ് വിമാനത്തില്‍ യാത്രക്കാര്‍ക്ക് അസ്വസ്ഥതകളുണ്ടായ സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ഐസിഎഒയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. വിമാനത്തിനുള്ളിലെ സമ്മര്‍ദം നിയന്ത്രിക്കുന്നതിനുള്ള സ്വിച്ച് ഇടാന്‍ ക്യാബിന്‍ ക്രൂ മറന്നതിനെത്തുടര്‍ന്ന് 171 യാത്രക്കാരില്‍ 30 പേര്‍ക്ക് മൂക്കില്‍നിന്ന് രക്തസ്രാവം ഉള്‍പ്പെടെയുള്ള അസ്വസ്ഥതകളുണ്ടായി. രാജ്യാന്ത്ര വ്യോമയാന രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ് ഐസിഎഒയുടെ യൂണിവേഴ്സല്‍ ഓവര്‍സൈറ്റ് സേഫ്റ്റി ഓഡിറ്റ് പ്രോഗ്രാം.