പ്രളയം തകർത്ത ടൂറിസം മേഖലക്ക് കൈത്താങ്ങ്; നടപടികളെടുക്കുമെന്ന് കണ്ണന്താനം

പ്രളയം തകര്‍ത്ത കേരളത്തിന്‍റെ വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചുവരാനുള്ള നടപടികളെടുക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. രാജ്യത്തെ വിനോദ സഞ്ചാര വികസനം ലക്ഷ്യമിട്ടുള്ള ആദ്യ ഇന്ത്യ ടൂറിസം മാര്‍ട്ടിന്‍റെ ഉല്‍ഘാടനച്ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു കണ്ണന്താനം. റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ടൂറിസം മാര്‍ട്ട് ഉല്‍ഘാടനം ചെയ്തു.

വിവിധ സംസ്ഥാനങ്ങള്‍ക്ക് ലോകത്തെ മികച്ച ടൂറിസം സംരഭകരുമായി കൈകോര്‍ക്കാന്‍ അവസരമൊരുക്കുകയാണ് ഇന്ത്യ ടൂറിസം മാര്‍ട്ടിലൂടെ. ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തിന്‍റെ ജിഡിപിയില്‍ ഏഴുശതമാനമാണ്  ടൂറിസത്തിന്‍റെ സംഭാവന. ഇതും ഇരട്ടിയാക്കും.

അറുപത് രാജ്യങ്ങളില്‍ നിന്നുള്ള ടൂര്‍ ഒാപ്പറേറ്റര്‍മാരും ഹോട്ടല്‍ ഉടമകളും ആദ്യ ടൂറിസം മാര്‍ട്ടില്‍ പങ്കെടുക്കുന്നുണ്ട്. ടൂറിസം മേഖലയില്‍ കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് ഒന്നര കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. പ്രളയ ദുരന്തത്തെ അതിജീവിക്കുന്ന കേരളത്തിന് പ്രതീക്ഷയേകുന്നതാണ് ടൂറിസം മാര്‍ട്ട്.

ചൈനക്കാരാണ് ഏറ്റവുമധികം വിദേശയാത്ര നടത്തുന്നത്. ഇവരില്‍ ഇന്ത്യയിലേയ്ക്ക് എത്തുന്നവരുടെ എണ്ണം തീരെ കുറവാണ്. ചൈനീസ് വിനോദ സഞ്ചാരികളുടെ എണ്ണം കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.