സ്വിസ് ബാങ്കിൽ ഇന്ത്യൻ നിക്ഷേപം ഉയർന്നു; 50 ശതമാനം വർധിച്ച് 7000 കോടി

സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം വീണ്ടും ഉയര്‍ന്നു. 2017ല്‍ അന്‍പത് ശതമാനത്തോളം വര്‍ധിച്ച് ഏഴായിരം കോടി രൂപയായി. കള്ളപ്പണം തടയുന്നതിന് നോട്ടുനിരോധനം അടക്കം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നടപടികള്‍ ഫലം കണ്ടില്ലെന്നാണ് സ്വിസ് നാഷണല്‍ ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതേസമയം, റിപ്പോര്‍ട്ടില്‍ പറയുന്ന മുഴുവന്‍ തുകയും കള്ളപ്പണമായി കാണാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 

2014 മുതല്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി കൂപ്പുകുത്തിയ ശേഷമാണ് 2017ല്‍ സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപം കുത്തനെ ഉയര്‍ന്നത്. മുന്‍ വര്‍ഷത്തേതില്‍ നിന്ന് അന്‍പത് ശതമാനം വര്‍ധിച്ച് ഏഴായിരം കോടി രൂപയായി. അതും കള്ളപ്പണം തടയുന്നതിന് നോട്ടുനിരോധനം നടപ്പാക്കിയതിന്റെ തൊട്ടടുത്ത വര്‍ഷം. കള്ളപ്പണം തടയാന്‍ സ്വിറ്റ്സര്‍ലന്‍ഡുമായി ഇന്ത്യ ധാരണയുണ്ടാക്കിയ ശേഷമാണ് ഈ വര്‍ധനയെന്നതാണ് വിരോധാഭാസം. മൂന്ന് വര്‍ഷമായി ഇന്ത്യക്കാരുടെ നിക്ഷേപം കുറഞ്ഞുവരികയായിരുന്നു. 2006ലാണ് ഇന്ത്യക്കാരുടെ നിക്ഷേപം ഏറ്റവും ഉയരത്തിലെത്തിയത് – 23000 കോടി രൂപ. ഇന്ത്യക്കാരുടെയും അവരുമായി ബന്ധപ്പെട്ടസ്ഥാപനങ്ങളുടെയും കണക്കുകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മറ്റ് രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ വഴി ഇന്ത്യക്കാര്‍ നിക്ഷേപിച്ച തുകയുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നില്ല. കള്ളപ്പണത്തിനെതിരായ മോദിയുടെ പോരാട്ടം പൊള്ളയായിരുന്നുവെന്ന് തെളിഞ്ഞതായി കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍, സ്വിസ് ബാങ്കുകളിലുള്ള മുഴുവന്‍ നിക്ഷേപവും കള്ളപ്പണമായി കാണാനാവില്ലെന്ന് ധനമന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. കള്ളപ്പണനിക്ഷേപം നടത്തിയവരെ ശിക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു. 

നോട്ടുനിരോധനം നടപ്പാക്കിയ ശേഷമാണ് സ്വിസ് ബാങ്കുകളില്‍ കള്ളപ്പണനിക്ഷേപം കൂടിയതെന്നാണ് മുന്‍ കേന്ദ്രധനമന്ത്രി യശ്വന്ത് സിന്‍ഹയുടെ ആരോപണം. നിക്ഷേപം വര്‍ധിച്ചത് ധനമന്ത്രാലയത്തിന്റെ നേട്ടമാണെന്ന പരിഹാസവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും രംഗത്തെത്തി.