ഹാര്‍ഡ് വെയർ മേഖലയിലും ഇൻഡ്യ കുതിക്കുന്നു; നാല് വർഷത്തിനുള്ളിൽ 40,000 കോടി

സോഫ്റ്റ്‌വെയര്‍ മേഖലയിൽ ആധിപത്യം നേടിയ ഇൻഡ്യ ഹാർഡ്‌വെയർ മേഖലയിലും കുതിക്കുന്നു. നാലുകൊല്ലത്തിനിടയില്‍ ഇലക്ട്രോണിക് ഹാര്‍ഡ്‌വെയര്‍ ഉല്‍പാദനം നാല്‍പതിനായിരം കോടി ഡോളറിന്റേതാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് ഉതകുന്നതാകും കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുന്ന ഇലക്ട്രോണിക് നയം. ഇലക്ട്രോണിക് ഹാര്‍ഡ്‌വെയര്‍ മേഖലയിലെ കമ്പനികള്‍ക്ക് മികച്ച റിട്ടേണ്‍ നല്‍കാനാകുമെന്ന് വിലയിരുത്തുന്നു ശ്രീകുമാര്‍ രാഘവന്‍..  

1980കളില്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് സോഫ്റ്റ്‌വെയര്‍, ടെലികമ്യൂണിക്കേഷന്‍, ഹാര്‍ഡ് വെയര്‍ മേഖലകളില്‍ ഇന്ത്യ നേരിയ തോതില്‍ മുന്നേറ്റം ആരംഭിച്ചത്. സോഫ്റ്റ്‌വെയറിലും ടെലികമ്യൂണിക്കേഷനിലും വളരെയധികം മുന്നോട്ടുപോയെങ്കിലും ഹാര്‍ഡ് വെയര്‍ മേഖലയില്‍ കാര്യമായ പുരോഗതി നേടാനായിരുന്നില്ല. എന്നാല്‍ മോദി സര്‍ക്കാരിന്റെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി നിലവില്‍ വന്നതോടെ ഹാര്‍ഡ് വെയറിലും ഇന്ത്യന്‍ കമ്പനികള്‍ നേട്ടങ്ങളുണ്ടാക്കിത്തുടങ്ങി. ആഭ്യന്തരോല്‍പാദനത്തിലും കയറ്റുമതിയിലും ഗവേഷണത്തിലും ഊന്നല്‍ നല്‍കിയുള്ള പുതിയ ഇലക്ട്രോണിക് നയം ഇക്കൊല്ലം പ്രഖ്യാപിക്കും. ഇലക്ട്രോണിക്‌സിന്റെ ഉപയോഗം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും പുതിയ നയം ലക്ഷ്യമിടുന്നു. മൊബൈൽ ഫോൺ, എൽ സി ഡി, എൽ ഇ ഡി ടി വി, എൽ ഇ ഡി ലൈറ്റ്, സെമി കണ്ടക്ടർ എന്നീ നിർമാണ മേഖലയിൽ ആണ് കൂടുതൽ വളർച്ച പ്രതീക്ഷിക്കുന്നത്. ഇലക്ട്രോണിക്ക് ഹാർഡ് വയർ വ്യവസായത്തിന്റെ ഉത്പാദനം 2022ൽ  നാല്‍പതിനായിരം കോടി ഡോളർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.