2000 രൂപ നോട്ട് പിൻവലിക്കില്ല; പ്ലാസ്റ്റിക് നോട്ടുമായി കേന്ദ്രം

നോട്ട് അസാധുവാക്കലിനു പിന്നാലെ പുറത്തിറക്കിയ 2,000 രൂപയുടെ പുതിയ നോട്ടുകൾ പിൻവലിക്കാൻ നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ രംഗത്ത്. ലോക്സഭയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. പ്ലാസ്റ്റിക് കറൻസികളുടെ സാധ്യതകളെക്കുറിച്ച് പരിശോധിക്കാൻ പത്തുരൂപയുടെ പുതിയ പ്ലാസ്റ്റിക് നോട്ടുകൾ അഞ്ചു നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കുമെന്നും സർക്കാർ വ്യക്തമാക്കി.

2,000 രൂപ പിൻവലിക്കാൻ നിലവിൽ നിർദ്ദേശങ്ങളൊന്നുമില്ല – കേന്ദ്ര ധനകാര്യ സഹമന്ത്രി പൊൻ രാധാകൃഷ്ണൻ ലോക്സഭയിൽ എഴുതിത്തയ്യാറാക്കി നൽകിയ മറുപടിയിൽ വ്യക്തമാക്കി. സമീപഭാവിയിൽ 2,000 രൂപ നോട്ടുകൾ പിൻവലിക്കാൻ സർക്കാരിനു പദ്ധതിയുണ്ടോ എന്നായിരുന്നു ചോദ്യം.

കൊച്ചി, മൈസൂരു, ജയ്പുർ, ഷിംല, ഭുവനേശ്വർ എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ 10 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കുക. ഈ നോട്ടുകൾ ഇന്ത്യൻ പ്രസുകളിൽ തന്നെയാകും അച്ചടിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, എപ്പോഴാണ് പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കുക എന്നതു സംബന്ധിച്ച് വ്യക്തതയില്ല.

2016 നവംബർ ഒൻപതിനു രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 1,000, 500 രൂപ നോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചത്. പിറ്റേന്നു മുതൽ നോട്ടുകൾ അസാധുവാകുമെന്നായിരുന്നു പ്രഖ്യാപനം. കള്ളപ്പണം പിടികൂടുക, രാജ്യത്ത് ഡിജിറ്റൽ പണമിടപാടു പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിന്റെ കാരണങ്ങളായി പറഞ്ഞിരുന്നത്.