ബജറ്റില്‍ നെല്‍കര്‍ഷകർക്കും അവഗണനയെന്ന് പരാതി

സംസ്ഥാന ബജറ്റില്‍ നെല്‍കര്‍ഷകരെ അവഗണിച്ചതായി പരാതി. സംഭരിച്ച നെല്ലിനുള്ള തുകപോലും കുടിശികയായി നിലനില്‍ക്കെ കാര്യമായ ബജറ്റ് വിഹിതം ലഭിച്ചില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കൂടുതല്‍ ഇടങ്ങളില്‍ നെല്‍കൃഷിയെന്ന മുന്‍പ്രഖ്യാപനത്തിന് തുടര്‍ച്ചയുണ്ടായില്ലെന്നും വിമര്‍ശനമുണ്ട് 

ബജറ്റിന് മുന്നേ കുട്ടനാട്ടിലെ കര്‍ഷകര്‍ മുന്നോട്ടുവച്ച പ്രാധാന ആവശ്യമായിരുന്നു കൃഷിനാശം ഉള്‍പ്പടെ മുന്നില്‍കണ്ടുള്ള പദ്ധതികള്‍. പക്ഷേ നെല്ല് സംഭരണത്തിനുള്ള 525 കോടിയില്‍ ബജറ്റ് പ്രഖ്യാപനം ഒതുങ്ങി. നേരത്തെ നെല്ല് സംഭരിച്ചവകയില്‍ 23 കോടി രൂപയാണ് കര്‍ഷകര്‍ക്ക് ഇനിയും നല്‍കാനുള്ളത്. ആലപ്പുഴയില്‍മാത്രം നാലായിരം കര്‍ഷകരാണ് പണംകിട്ടാന്‍ കാത്തിരിക്കുന്നത്. പുഞ്ചകൃഷി സീസണില്‍ ആയിരംകോടി രൂപയുടെ നെല്ല് സംഭരിക്കാനിരിക്കെ ബജറ്റ് വിഹിതം കുറഞ്ഞത് കര്‍ഷകരെ ദുരിതത്തിലാക്കുമെന്നാണ് പരാതി 

കാര്‍ഷിക ബോര്‍ഡ് രൂപീകരിക്കുമെന്ന വാഗ്ദാനവും സ്വാകാര്യ മില്ലുകളെ നിയന്ത്രിക്കാനുള്ള നീക്കവും ഉണ്ടായില്ല എന്ന പരാതിയും നെല്‍കര്‍ഷകര്‍ എടുത്തുപറയുന്നു