ഒാണ്‍ലൈന്‍ മല്‍സ്യവിപണനരംഗത്ത് തരംഗമായി നടക്കാവിലെ കാലിക്കറ്റ് ഫിഷ്

ഒാണ്‍ലൈന്‍ മല്‍സ്യവിപണനരംഗത്ത് തരംഗമാകുകയാണ് കോഴിക്കോട് നടക്കാവിലെ കാലിക്കറ്റ് ഫിഷ്. മാര്‍ക്കറ്റ് വിലയില്‍ തന്നെ മല്‍സ്യം വീട്ടിലെത്തുമെന്നതാണ് ഈ സംരംഭത്തിന്റെ മറ്റൊരു പ്രത്യേകത. 

കോഴിക്കോട്ടാര്‍ക്കിനി മീന്‍ വാങ്ങാന്‍ മാര്‍ക്കറ്റ് തേടി അലയേണ്ട. കാലിക്കറ്റ് ഫിഷ്.കോം എന്ന ഒാണ്‍ലൈന്‍ സൈറ്റില്‍ കയറി മല്‍സ്യം ഒാര്‍ഡര്‍ ചെയ്യാം. വൃത്തിയാക്കി, കഷണങ്ങളാക്കി പായ്ക്ക് ചെയ്ത മീന്‍ വീട്ടിലെത്തും. ഫോണ്‍ വഴി ഒാര്‍ഡര്‍ ചെയ്യാനും അവസരമുണ്ട്. ചെമ്മീന്‍, അയല, ആവോലി തുടങ്ങി എല്ലാമീനുകളും വില്‍പനയ്ക്കുണ്ട്. പുഴമീനാണ് മറ്റൊരു പ്രത്യേകത. വള്ളക്കാര്‍ പിടിക്കുന്ന മല്‍സ്യം ഐസിടാതെ ഉടന്‍ വാങ്ങാനും സൗകര്യമുണ്ട്. 

നഗരപരിധിയില്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണ് മല്‍സ്യം എത്തിക്കുന്നത്. ഒാര്‍ഡര്‍ ചെയ്താല്‍ 45 മിനിറ്റിനുള്ളില്‍ മീന്‍ വീട്ടിലെത്തും. 

ദേവഗിരി കോളജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ നടക്കാവ് സ്വദേശി സംഗീതാണ് കാലിക്കറ്റ് ഫിഷിന് തുടക്കമിട്ടത്. ഉപഭോക്താക്കളില്‍ നിന്നു പിന്തുണയേറിയതോടെ സംരംഭം വ്യാപിപിക്കാനും പദ്ധതിയുണ്ട്.