വോട്ടെടുപ്പിനൊരുങ്ങി കേരളം; 1800 പ്രശ്നസാധ്യത ബൂത്തുകള്‍; സഞ്ജയ് കൗള്‍

സംസ്ഥാനത്ത് 1800 ഓളം പ്രശ്നസാധ്യതാ ബൂത്തുകളുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണ്ടെത്തല്‍. ഏഴുജില്ലകളിലെ എല്ലാ ബൂത്തില്‍ നിന്നും വെബ്കാസ്റ്റിങിന് നിര്‍ദേശം നല്‍കിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഇരട്ടവോട്ടെന്ന പരാതി ഏറെയും തെറ്റായ വിവരങ്ങളാണ്. സംസ്ഥാന പൊലീസും കേന്ദ്രസേനയും വോട്ടെടുപ്പിന് സുരക്ഷയൊരുക്കും. വീട്ടിലെ വോട്ടിന് ഇന്നു കൂടി സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മുഖ്യതിരഞ്ഞെടുപ്പ്  ഓഫിസര്‍ വ്യക്തമാക്കി. 1.42 ലക്ഷം പേരാണ് വീട്ടിലെ വോട്ട് സൗകര്യം ഇതുവരെ സംസ്ഥാനത്ത് ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ചയാണ് കേരളം പോളിങ് ബൂത്തിലെത്തുക. വോട്ടെടുപ്പിനായുള്ള തയാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായി. രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ആറുമണി വരെ വോട്ട് ചെയ്യാം. തിരിച്ചറിയല്‍ കാര്‍ഡും സ്​ലിപുമായി ബൂത്തിലെത്തണം. ആകെ 25229 ബൂത്തുകളാണുള്ളത്. 2,70,99,326 വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിക്കും.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2,09,661 പരാതികളാണ് ഇതുവരെ സി–വിജില്‍ ആപ്പുവഴി ലഭിച്ചത്. വ്യാജ പ്രചരണം നടത്തിയ സംഭവങ്ങളില്‍ 12 കേസുകള്‍ സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വോട്ടര്‍പട്ടികയില്‍ പേരുണ്ടോ എന്ന് ഫോണിലും ഓണ്‍ലൈനിലും പരിശോധിക്കാം. eci.gov.in എന്ന വെബ്സൈറ്റിലും വിവരം ലഭിക്കും.

More than 1800 sensitive polling booths in Kerala; Sanjay Kaul