ബദ്ധവൈരികളായ രണ്ട് നേതാക്കള്‍ ഒരു വീട്ടില്‍; കോട്ട് വാലി ബംഗ്ലാവ് പകുത്തെടുത്ത് പാര്‍ട്ടികള്‍

തിരഞ്ഞെടുപ്പുകാലത്ത് അവസരം കിട്ടിയാല്‍ പരസ്പരം ചെളിവാരിയെറുന്നവരാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ബദ്ധവൈരികളായ രണ്ട് പാര്‍ട്ടികളുടെ നേതാക്കള്‍ ഒരു വീട്ടില്‍ താമസിച്ചാല്‍ എങ്ങനെയുണ്ടാവും? ബംഗാള്‍  മാൽഡ ഇംഗ്ലീഷ് ബസാറിലെ കോട്ട് വാലി ബംഗ്ലാവ് ഇന്ന് രണ്ടു രാഷ്ട്രീയപാർട്ടികൾ പകുത്തെടുത്തിരിക്കുകയാണ്.  ഒരു വശത്ത് കോൺഗ്രസ് സ്ഥാനാര്‍ഥിയും മറുവശത്ത് തൃണമൂല്‍ എം.പിയും. രണ്ടു കുടുംബത്തിനും പ്രത്യേക അടുക്കളകളുമുണ്ട്. 

എട്ടു തവണ അവിഭക്ത മാൾഡയുടെ എംപിയായിരുന്ന, മുൻ കേന്ദ്രറയിൽവേ മന്ത്രി ഗനി ഖാൻ ചൗധരിയുടെ വീടാണിത്. ഗനി ഖാന്‍റെ സഹോദരനും മുൻ കേന്ദ്രമന്ത്രിയുമായ അബു ഹസൻ ഖാൻ ചൗധരിയുടെ മകനാണ് കോൺഗ്രസിന്‍റെ മാൾഡ സൗത്ത് സ്ഥാനാർത്ഥി ഇഷാ ഖാൻ ചൗധരി. 

ഗനി ഖാന്റെ സഹോദരി പുത്രിയാണ് തൃണമൂല്‍ നേതാവ്  മൗസം ബേനസീർ നൂർ. കഴിഞ്ഞ തവണ മാൾഡ നോർത്തിൽ ഇരുവരും ഏറ്റുമുട്ടി. രണ്ടു പേരും തോറ്റു. ബിജെപി വിജയിച്ചു. നൂറിനെ മമത രാജ്യസഭയിലേക്ക് അയച്ചു. ഇഷാ ഖാന്   മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും അദ്ദേഹം കോൺഗ്രസ് വിടാൻ തയാറല്ലായിരുന്നു. സിപിഎമ്മുമായുള്ള സഖ്യത്തില്‍ വലിയ പ്രതീക്ഷയുണ്ടെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ബിജെപിയെ ഭയന്നാണ് മമത ബാനര്‍ജി ഇന്ത്യ സഖ്യത്തില്‍ നിന്ന് പിന്‍മാറിയതെന്ന് ഇഷാ ഖാന്‍ ആരോപിക്കുന്നു. ഏഴിനാണ് മാൾഡയിലെ തിരഞ്ഞെടുപ്പ്.