പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം; കലാശക്കൊട്ടിനൊരുങ്ങി കേരളം

ലോക്സഭാ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന്‍റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 13 സംസ്ഥാനങ്ങളിലെ 88 സീറ്റുകളിലെ പ്രചാരണത്തിനാണ് അവസാനമാകുന്നത്. കേരളത്തിനൊപ്പം കര്‍ണാടകയിലെ 14 സീറ്റിലും രാജസ്ഥാനിലെ 13ഉം ഉത്തര്‍പ്രദേശിലെയും മഹാരാഷ്ട്രയിലെയും എട്ട് വീതം മണ്ഡലങ്ങളിലും മറ്റന്നാള്‍ വോട്ടെടുപ്പ് നടക്കും.  മധ്യപ്രദേശ്, ബിഹാര്‍, അസം, ചത്തീസ്‌ഗഡ്, ബംഗാള്‍, ത്രിപുര, മണിപ്പൂര്‍, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലെ ഏതാനും സീറ്റുകളിലും രണ്ടാംഘട്ടത്തിലാണ് വോട്ടെടുപ്പ്. ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ള, ചത്തീസ്‌ഗഡ് മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം താരിഖ് അന്‍വര്‍, എച്ച്.ഡി.കുമാരസ്വാമി, നടി ഹേമമാലിനി, പപ്പുയാദവ്, ഡാനിഷ് അലി തുടങ്ങിയവര്‍ മല്‍സരരംഗത്തുണ്ട്. രണ്ടാം ഘട്ടത്തിലെ 88 സീറ്റുകളില്‍ 2019ല്‍ 62 സീറ്റിലും എന്‍.ഡി.എയാണ് വിജയിച്ചത്, ഇന്ത്യാസഖ്യത്തിലെ പാര്‍ട്ടികള്‍ 25 സീറ്റും നേടി. 

അതിനിടെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരളത്തിൽ ഡൽഹി ലഫ്.ഗവർണറുടെ അസാധാരണ സന്ദർശനം.  ഡൽഹി ലഫ്.ഗവർണര്‍ വിനയ്കുമാർ സക്സേന രാവിലെ സീറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ റാഫേൽ തട്ടിലിനെ സന്ദർശിക്കും. ഉച്ചയോടെ കോട്ടയത്തെത്തുന്ന ലഫ്.ഗവർണർ ദേവലോകത്ത് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയനെ കാണും. തിരുവല്ല ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്ത് പരിപാടിയിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തെത്തും. വ്യാഴാഴ്ച രാവിലെ ലത്തീൻ അതിരൂപത ആസ്ഥാനത്ത് ബിഷപ് തോമസ് ജെ നെറ്റോയുമായി കൂടിക്കാഴ്ച നടത്തും. നിശബ്ദ പ്രചാരണ ദിവസം വിനയ് കുമാർ സക്സേന തിരുവനന്തപുരത്ത് തുടരും. വോട്ടെടുപ്പു ദിവസമാണ് ലഫ്.ഗവർണർ കേരളത്തിൽ നിന്ന് മടങ്ങുക. അരവിന്ദ് കേജ്‌രിവാളിനെതിരായ നിയമ നടപടിക്ക് തുടക്കമിട്ടയാളാണ് വിനയ് സക്സേന. നിശബ്ദ പ്രചാരണ ദിവസം ബംഗാളിലെ കൂച്ച് ബിഹാർ സന്ദർശിക്കാനുള്ള ഗവർണർ സി.വി.ആനന്ദബോസിന്റെ നീക്കത്തെ പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയിരുന്നു. 

Loksabha election 2024; Campaign to end today