ജപ്പാന്‍ പതറി; ഫുള്ളറിന്റെ ഗോളില്‍ കോസ്റ്ററിക്കയ്ക്ക് വിജയം

ഖത്തര്‍ ലോകകപ്പില്‍ ജപ്പാനെ കോസ്റ്ററിക്ക 1–0ന് തോല്‍പിച്ചു. 82ാം മിനിറ്റില്‍ കെയ്ഷര്‍ ഫുള്ളറാണ് കോസ്റ്ററിക്കയുെട ഗോള്‍ നേടിയത്. കൃത്യമായ ഗെയിം പ്ലാനോടെ കളിക്കാൻ ഇറങ്ങിയ കോസ്റ്ററിക്കക്കു മുന്നിൽ‌ ജപ്പാൻ പതറുന്ന കാഴ്ചയാണ് ആദ്യപകുതിയിൽ കണ്ടത്. വിരസമായ മത്സരമാണ് ആദ്യപകുതിയിൽ ഇരുടീമുകളും കാഴ്‌ച വച്ചതെങ്കിലും രണ്ടാം പകുതിയിൽ ജപ്പാൻ ഉണർന്നു. തുടരെ തുടരെ കോസ്റ്ററിക്കൻ ഗോൾപോസ്റ്റിലേക്ക് നിറയൊഴിച്ചുവെങ്കിലും പ്രതിരോധക്കോട്ടകെട്ടി കോസ്റ്ററിക്ക ജപ്പാന്റെ ആക്രമണത്തിന്റെ മുനയൊടിച്ചു. 4–2–3–1 എന്ന ശൈലിയാണ് ജപ്പാൻ അവലംബിച്ച‌തെങ്കിൽ 3–4–2–1 ശൈലിയിലായിരുന്നു കോസ്റ്ററിക്കയുടെ കളി. ജർമനിയുമായി നിറഞ്ഞ് കളിച്ച ജപ്പാൻ അമിതപ്രതിരോധത്തിൽ ഊന്നുന്ന കാഴ്ചയാണ് കണ്ടത്.

വേഗതയും മൂര്‍ച്ചയും കൃത്യതയും ഉള്ള ആക്രമണശൈലി പിന്തുടരുന്ന ജപ്പാൻ ഇന്ന് പ്രതിരോധത്തിൽ ഊന്നിയാണ് തുടക്കത്തിൽ കളിച്ചത്. ജര്‍മനിയ്ക്കെതിരെ ഗോള്‍ നേടാനാകാത്തതിന്റെ ക്ഷീണം ജപ്പാൻ സൂപ്പർതാരം ടകുമി മിനാമി കോസ്റ്റാറിക്കക്കെതിരെ തീര്‍ക്കുമെന്ന ജപ്പാന്റെ പ്രതീക്ഷ അസ്ഥാനത്തായതോടെ മത്സരത്തിൽ കോസ്റ്ററിക്ക പിടിമുറുക്കി. വിജയത്തോടെ കോസ്റ്റാറിക്ക പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിർത്തി.